AUTO
ഇവി വിപണിയിൽ തരംഗമായി മഹീന്ദ്ര; ഒന്നര വർഷം കൊണ്ട് 1 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ റോഡിൽ

അതിവേഗത്തിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക്ക് മോഡലുകള്‍ വാഹനപ്രേമികളുടെ നെഞ്ചിലിടം നേടിയത്. അത്യാധുനിക ഫീച്ചറുകളും പുതുതലമുറ ഡിസൈനും വാഹനങ്ങളിലെ സൗകര്യവും കൊണ്ട് താരതമ്യേന കൂടിയ വിലയില്‍ പോലും മഹീന്ദ്രയുടെ ഇവി മോഡലുകള്‍ തരംഗമായി മാറി. രാജ്യത്ത് ഒരു ലക്ഷം ഇലക്ട്രിക് ഒറിജിന്‍ ശ്രേണിയിലെ എസ്‌യുവികള്‍ വിറ്റഴിച്ചുവെന്നാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ മോഡല്‍ വാഹനങ്ങള്‍ വിപണിയിലെത്തി വെറും ഒന്നര വര്‍ഷത്തിനുള്ളിലാണ് മഹീന്ദ്ര ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ വരാനിരിക്കുന്ന നിരവധി ഇലക്ട്രിക് മോഡലുകള്‍ക്ക് കരുത്തേകുന്ന ബോണ്‍ ഇലക്ട്രിക്ക് ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവികള്‍ നിര്‍മിച്ചിരിക്കുന്നത്. വിപണിയിലെത്തുന്ന മോഡലുകള്‍ക്ക് നിരന്തരം അപ്‌ഡേറ്റുകള്‍ നല്‍കിക്കൊണ്ട് വില്‍പന താഴോട്ടു വരാതിരിക്കാനും മഹീന്ദ്ര ശ്രദ്ധിക്കുന്നുണ്ട്. കൂടുതല്‍ ഫീച്ചറുകളും അഡീഷണല്‍ ബാറ്ററി പാക്ക് ഓപ്ഷനുകളുമായി ബിഇ 6 എസ്‌യുവിയുടെ അത്യാധുനിക പതിപ്പായ ബിഇ 6 സ്‌പോര്‍ടെക് കമ്പനി അടുത്തിടെ വിപണിയിലിറക്കിയിരുന്നു. ഇതിനൊപ്പം സ്‌പോര്‍ടെക് ഫോര്‍മുല ഇ എഡിഷനും, 9 എസ് മോഡലിന്റെ 6 സീറ്റര്‍ പതിപ്പും മഹീന്ദ്ര പുറത്തിറക്കി. ഇലക്ട്രിക് എസ്‌യുവികള്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തില്‍ ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷനും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. ബാസ് അടിസ്ഥാനത്തിലുള്ള വാഹനങ്ങള്‍ക്ക് 12.65 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ള ആറ് പുതിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ കൂടി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച മഹീന്ദ്ര ഭാവിയിലും കുതിപ്പു തുടരാനാണ് ലക്ഷ്യമെന്ന സൂചനകള്‍ നല്‍കിയിട്ടുണ്ട്. ബിഇ 07 ഇലക്ട്രിക് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും വരും മാസങ്ങളില്‍ മഹീന്ദ്രയില്‍ നിന്നും വിപണിയിലെത്തുക.
Sports ⏭️




