AUTO

ക്യാമറ ഒപ്പിയെടുത്ത ഭീകര ദൃശ്യം; മിസൈല്‍ പോലെ പാഞ്ഞെത്തിയ ടയര്‍, കാറിനെ ഇടിച്ചുതെറിപ്പിച്ചു


കാറുകളില്‍ സഞ്ചരിക്കുമ്പോള്‍ നമ്മുടെ വാഹനത്തേക്കാള്‍ വലിപ്പമുള്ള ടയറുകളുമായി പോവുന്ന ട്രെക്കുകള്‍ കാണുമ്പോള്‍ ഉള്ളൊന്നു കാളാത്തവരുണ്ടാവില്ല. ആ വലിയ ടയറെങ്ങാനും ഊരിത്തെറിച്ചു വന്നാലോ എന്ന സാധ്യതയാവും ആ ഉള്ളുകാളലിനു പിന്നില്‍. അങ്ങനെയൊക്കെ സംഭവിക്കുമോ? എന്നു സംശയിക്കാന്‍ വരട്ടെ. പലതവണ മുന്‍പും സംഭവിച്ചിട്ടുണ്ട് ഇനിയും സാധ്യതയുമുണ്ട്. ഇത്തരം അപകടങ്ങളുടെ ദൃശ്യങ്ങള്‍ അപൂര്‍വമായി മാത്രമേ പുറത്തുവരാറുള്ളൂ എന്നതു മാത്രമാണ് അപകടത്തിന്റെ ഭീകരത അധികംപേര്‍ അറിയാതിരിക്കാനുള്ള ഒരു കാരണം. ഇപ്പോഴിതാ ഒരു കൂറ്റന്‍ ടയര്‍ മിസൈല്‍ പോലെ കാറിന്റെ ബോണറ്റിലേക്ക് വന്നിടിച്ച് ആകാശത്തേക്ക് പറന്നു പോവുന്ന ദൃശ്യം തന്നെ പുറത്തുവന്നിരിക്കുന്നു. അമേരിക്കയിലെ ഫിലാഡല്‍ഫിയയിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ അടുത്തുണ്ടായിരുന്ന ടെസ്‌ല കാറിന്റെ ഡാഷ് ക്യാമറയിലാണ് പതിഞ്ഞത്. വലിയൊരു സ്‌ഫോടന ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് തുടക്കത്തില്‍ വ്യക്തമായില്ലെന്നാണ് ടെസ്‌ല ഡ്രൈവര്‍ പിന്നീട് പ്രതികരിച്ചത്. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ടയര്‍ ഊരിത്തെറിച്ചു വന്നിടിക്കുന്നത് കാണാനായത്. എതിര്‍ദിശയില്‍ നിന്നും മിസൈല്‍ പോലെ പാഞ്ഞെത്തിയ ടയര്‍ കാറിന് ബ്രേക്കിടാന്‍ കഴിയും മുന്‍പേ ബോണറ്റ് തകര്‍ത്ത് അപ്രത്യക്ഷമാവുകയായിരുന്നു. അമിത വേഗത്തില്‍ വന്ന കൂറ്റന്‍ ടയര്‍ കാറിന്റെ മുന്നിലേക്ക് നേരിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗവും വിന്‍ഡ്ഷീല്‍ഡുമെല്ലാം തകര്‍ന്നു. കൂറ്റന്‍ ട്രക്കുകളില്‍ ഉപയോഗിക്കുന്ന ഭാരമേറിയ ടയറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. സംഭവത്തില്‍ പ്രാദേശിക അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്നും ഒരു കൂറ്റന്‍ സെമി ട്രക്കിന്റെ ടയറും വീല്‍ അസംബ്ലിയുമാണ് അപകടമുണ്ടാക്കിയതെന്നാണ് നിഗമനം. കോണ്‍ക്രീറ്റ് മീഡിയന് മുകളിലൂടെ ഉയര്‍ന്നു വന്ന ഈ കൂറ്റന്‍ ടയര്‍, ഇടതു ട്രാക്കില്‍ വരികയായിരുന്ന നിസാന്‍ റോഗ് എസ്‌യുവിയിലേക്ക് നേരിട്ട് വന്നിടിക്കുകയായിരുന്നു. യാത്രകള്‍ക്കിടയില്‍ എത്രത്തോളം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നതിന്റെ സൂചനയാണ് ഇത്തരം അപകടങ്ങള്‍. ഡ്രൈവിങില്‍ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവാം എന്നതിന്റെ ഉദാഹരണമാണിത്. മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക, സ്വന്തം ലൈനില്‍ മാത്രം ശ്രദ്ധിക്കാതെ റോഡിന്റെ ഇരുവശങ്ങളിലേക്കു കൂടി കണ്ണോടിക്കുക എന്നിങ്ങനെ ആര്‍ക്കും അറിയുന്ന എന്നാല്‍ ഡ്രൈവിങില്‍ അനുഭവസമ്പത്ത് കൂടും തോറും ശ്രദ്ധക്കുറവു വരുന്ന കാര്യങ്ങള്‍ ഇടക്കിടെ പൊടിതട്ടിയെടുക്കുകയും കൂടുതല്‍ ശ്രദ്ധയോടെ ഡ്രൈവിങ് തുടരുകയും മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യത കൂട്ടുന്നത്. നിങ്ങളുടെ വാഹനം ഇത്തരം അപകടങ്ങള്‍ക്ക് കാരണമാവാതിരിക്കാന്‍ വാഹനങ്ങളുടെ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താനും മറക്കരുത്.


Sports ⏭️

Back to top button