NEWS

സനലിനെതിരെ മഞ്ജു കോടതിയിൽ‌, പത്താം ക്ലാസ് വിദ്യാർഥിനിയും അടുത്ത ബന്ധുവും ട്രെയിൻ തട്ടി മരിച്ച നിലയിൽ – പ്രധാന വാർത്തകൾ


നിരന്തരമായ ആരോപണങ്ങൾക്കു പിന്നാലെ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മഞ്ജു വാരിയർ മാനഷ്ടക്കേസ് ഫയൽ ചെയ്തത് ഇന്നത്തെ പ്രധാന വാർത്തകളിൽ ഇടം നേടി. വാളത്തുംഗലിൽനിന്നു കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് നാടിനെ നടുക്കിയ വാർത്തകളിലൊന്നായി. നിയമവിരുദ്ധമായ അളവിൽ മദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിറക്കിയതും ഇന്നാണ്. മുതിർന്ന എംഎൽഎയായ തനിക്ക് കേരള കോൺഗ്രസിൽ കടുത്ത അവഗണനയെന്ന് നേരിടുന്നതെന്ന് തോമസ് ഉണ്ണിയാടൻ തുറന്നടിച്ചപ്പോൾ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായ മുൻ‌ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ കുത്തി മറ്റൊരു മുൻ‌ ഡിജിപിയും ബിജെപി നേതാവുമായ ആർ‌. ശ്രീലേഖ ഇന്ന് രംഗത്തെത്തി.  സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മഞ്ജു വാരിയർ മാനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് നൽകിയത്. സംവിധായകൻ തനിക്കെതിരെ മോശമായതും തെറ്റായതുമായ പരാമർശങ്ങൾ നടത്തുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമത്തിലെ സംവിധായകന്റെ പോസ്റ്റുകൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന എംഎൽഎയായ തനിക്ക് കേരള കോൺഗ്രസിൽ കടുത്ത അവഗണനയെന്ന് തോമസ് ഉണ്ണിയാടൻ. പരമാവധി പാർട്ടി പ്രവർത്തനം നടത്തിയ തന്നെ അവഗണിച്ചു. പാർട്ടിയിൽ നിൽക്കുന്ന ആളുകളോട് നിഷ്പക്ഷമായ സമീപനം സ്വീകരിക്കണം. താനും മോൻസും കഴിഞ്ഞാൽ ബാക്കി എല്ലാവരും ഒന്നാംവട്ടം എംഎൽഎമാരായവരാണ്. രണ്ടാമതൊരു പദവി പാർട്ടിയ്ക്ക് ലഭിക്കുമ്പോൾ തർക്കത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഒന്നിനും കൊള്ളാത്ത ആളാണ് താനെങ്കിൽ‌ പരാജയപ്പെട്ട തന്നെ ആളുകൾ വീണ്ടും ജയിപ്പിക്കുമോയെന്നും തോമസ് ഉണ്ണിയാടൻ മനോരമ ഓൺലൈനോട് പറഞ്ഞു. 


Fashion ⏭️

Back to top button