SPORTS
അക്വിബിന് അരങ്ങേറ്റം; ജമ്മു കശ്മീരിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തുന്ന ആദ്യ താരം

ന്യൂഡൽഹി∙ കാത്തിരിപ്പിന്റെ കഠിനകാലം കടന്ന് അക്വിബ് നബി ഒടുവിൽ ഇന്ത്യൻ ടീമിൽ. പരുക്കേറ്റ പേസർ ജസ്പ്രീത് ബുമ്രയ്ക്കു പകരമാണ് ജമ്മു കശ്മീർ താരം അക്വിബ് നബിയെ ശ്രീലങ്കയ്ക്കെതിരായ 2 മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇരുപത്തിയൊൻപതുകാരൻ പേസറെ ദേശീയ ടീമിലേക്ക് പരിഗണിക്കാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ടെസ്റ്റ് ടീമിലേക്കുള്ള വിളി. ബാരാമുല്ല എക്സ്പ്രസ് ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ജനിച്ച അക്വിബ്, ചെറുപ്പം മുതൽ ടെന്നിസ് ബോൾ ക്രിക്കറ്റിൽ സജീവമായിരുന്നു. പിന്നാലെ ക്രിക്കറ്റ് ബോളിലേക്ക് മാറിയ താരം, 2018ൽ വിജയ് ഹസാരെ ട്രോഫിയിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജമ്മുവിനെ പ്രതിനിധീകരിച്ച താരം 2020ൽ രഞ്ജി ട്രോഫിയിലും വരവറിയിച്ചു. മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാനുള്ള കഴിവും ഫ്ലാറ്റ് പിച്ചുകളിൽ പോലും മികച്ച സ്വിങ് കണ്ടെത്താനുള്ള മിടുക്കുമാണ് ആഭ്യന്തര ക്രിക്കറ്റിൽ അക്വിബിനെ നോട്ടപ്പുള്ളിയാക്കിയത്. ബാറ്റിങ്ങിലും മോശമല്ലാത്ത അക്വിബ്, പലപ്പോഴും പിഞ്ച് ഹിറ്ററുടെ റോളിൽ ജമ്മുവിന്റെ രക്ഷകനായി.
Auto ⏭️


