AUTO

വൻ കുതിച്ചു ചാട്ടം! ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വർധിച്ചത് 11 മടങ്ങ്


രാജ്യത്തെ ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പനയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വിപണി വിഹിതം 11 മടങ്ങായാണ് വര്‍ധിച്ചിരിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 0.71 ശതമാനമായിരുന്ന വിപണി വിഹിതമാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 8.26 ശതമാനമായി ഉയര്‍ന്നിരിക്കുന്നത്. ജൂലൈ 30ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോകസഭയിലാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ചാര്‍ജിങ് സൗകര്യങ്ങളുടെ ലഭ്യതയെക്കുറിച്ച് സംസാരിച്ചപ്പോള്‍ സ്വകാര്യ കമ്പനികള്‍ക്കും ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് നിതിന്‍ ഗഡ്ക്കരി അറിയിച്ചു. ഊര്‍ജ്ജ മന്ത്രാലയം 2024 സെപ്തംബറില്‍ പുറപ്പെടുവിച്ച ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിങ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍സ്റ്റലേഷന്‍ ആന്റ് ഓപറേഷന്‍ ഗൈഡ്‌ലൈന്‍സ് -2024 അനുസരിച്ചായിരിക്കണം സ്വകാര്യ ഏജന്‍സികള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാക്കേണ്ടതെന്നും നിതിന്‍ ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ പദ്ധതികള്‍ വഴി ഇവി ചാര്‍ജിങ് സൗകര്യങ്ങള്‍ വിപുലമാക്കാന്‍ ശക്തമായ പിന്തുണ നല്‍കുന്നുണ്ടെന്നും നിതിന്‍ ഗഡ്ക്കരി പറഞ്ഞു. ഫെയിം-2, പിഎം ഇ-ഡ്രൈവ് പദ്ധതികള്‍ വഴിയാണ് ഈ സഹായങ്ങള്‍ ലഭ്യമാക്കുന്നത്. രാജ്യത്തുടനീളം പൊതു ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനു വേണ്ടി ഫെയിം 2 പദ്ധതിക്കു കീഴില്‍ 912.50 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ദേശീയ- സംസ്ഥാന പാതകള്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ ആവശ്യത്തിന് പൊതു ഇവി ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ലഭ്യമാക്കുന്നതിനായി പിഎം ഇ-ഡ്രൈവ് പദ്ധതി വഴി 2,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 


Sports ⏭️

Back to top button