NEWS

തൃഷയ്ക്കെതിരായ ദ്വയാർഥ പ്രയോഗം; ഉദയനിധി കസ്റ്റഡിയിൽ, 6 വകുപ്പുകൾ ചുമത്തി കേസെടുത്തു


ചെന്നൈ ∙ കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാർഥ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിലെ കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ 6 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാനായി നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടിൽ രാവിലെ പൊലീസെത്തി. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസ്. കഴിഞ്ഞ ദിവസം തഞ്ചാവൂരിൽ സംഘടിപ്പിച്ച ഡിഎംകെ പരിപാടിയിൽ വച്ചാണ് വിജയിയെയും തൃഷയെയും ബന്ധപ്പെടുത്തി ഉദയനിധി അശ്ലീല പരാമർശം നടത്തിയത്. പ്രസംഗത്തിനു പിന്നാലെ ടിവികെയുൾപ്പടെയുള്ള പാർട്ടികൾ ഉദയനിധിയെ വിമർശിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ ഇന്ന് രാവിലെയാണ് ടിവികെ നേതാക്കൾ ആഹ്വാനം ചെയ്തത്. ഇതിനുപിന്നാലെ ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസിലും ദേശീയ വനിത കമ്മിഷനിലും പരാതി എത്തി. ടിവികെ വനിത വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഭൈരവിയാണ് ദേശീയ വനിത കമ്മിഷനിൽ പരാതി നൽകിയത്.സ്റ്റാലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മുഖ്യ വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടിരുന്നു. ‘തഞ്ചാവൂരിൽ മുഖ്യമന്ത്രി വിജയ്‌യെയും തൃഷയെയും കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർഥ പ്രയോഗം അറപ്പുളവാക്കുന്നതും അശ്ലീലവും മ്ലേച്ഛവും ലജ്ജാകരവുമാണ്. അമ്മയും ഭാര്യയും മകളുമുള്ള ഒരു വ്യക്തിയും ഇത്രയും നീചമായി സംസാരിക്കില്ല. ഇത്തരത്തിൽ സംസാരിക്കുന്നവരോട് ഒരു അമ്മയും ഭാര്യയും മകളും ക്ഷമിക്കുകയുമില്ല. എന്നാൽ, ‘ദ്രാവിഡ മോഡൽ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ പരസ്യമായി ഇങ്ങനെ സംസാരിക്കുമ്പോൾ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കണ്ടുനിൽക്കുന്നു എന്നത് ലജ്ജാകരമാണ്’ – നാരായണൻ തിരുപ്പതി സമൂഹമാധ്യമത്തിൽ കുറിച്ചു.


Fashion ⏭️

Back to top button