AUTO
ഇ20 പെട്രോൾ; ഇങ്ങനെ പോയാൽ എൻജിൻ തകരും, സർക്കാരിനെ ആശങ്ക അറിയിച്ച് വാഹന നിർമാതാക്കൾ

രാജ്യത്ത് ഇ20 പെട്രോള്‍ നടപ്പാക്കുന്നതിനെ വാഹന നിര്‍മാതാക്കള്‍ പരസ്യമായി പിന്തുണച്ചിരുന്നു. അതേസമയം പെട്രോള്‍ പമ്പുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ ക്ലോറൈഡിന്റേയും ഈര്‍പ്പത്തിന്റേയും അളവ് ഉയര്‍ന്ന തോതിലാണെന്ന് ചൂണ്ടിക്കാണിച്ച് മുന്‍നിര വാഹന നിര്‍മാണ കമ്പനികള്‍ സ്വകാര്യമായി ആശങ്ക അറിയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് ആഭ്യന്തര ഇമെയിലുകളും ഇന്ധന പരിശോധനാ റിപ്പോര്‍ട്ടുകളും ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.അതേസമയം ഇന്ധനത്തിലെ ഈ മലിനീകരണത്തിന്റെ കാരണം എഥനോളാണെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല. രാജ്യത്ത് ഇന്ധന മലിനീകരണം വ്യാപകമാണെന്ന വാര്‍ത്തകളെ കേന്ദ്ര സര്‍ക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും ശക്തമായി തള്ളുകയും ചെയ്തിട്ടുണ്ട്. അതേസമയം പെട്രോളില്‍ ഇന്ധനം കലര്‍ത്തുന്നതു മാത്രമല്ല ഇന്ധനം പെട്രോള്‍ പമ്പുകളിലേക്ക് എത്തുന്നതുവരെയുള്ള ഗതാഗതവും പെട്രോള്‍ പമ്പുകളിലെ സംഭരണവുമെല്ലാം മലിനീകരണങ്ങള്‍ക്ക് കാരണമാവാമെന്ന വാദവും ഉയരുന്നുണ്ട്.പരിശോധിച്ച സാമ്പിളുകളില്‍ പലതിലും അതീവ ഗുരുതരമായ അളവിലാണ് ക്ലോറൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള സാമ്പിളുകളില്‍ ക്ലോറൈഡിന്റെ അളവ് 6 പിപിഎം മുതല്‍ 570 പിപിഎം വരെയാണ്. ഡല്‍ഹിയില്‍ 420 പിപിഎം വരെയും മഹാരാഷ്ട്രയില്‍ 357 പിപിഎം വരെയും രേഖപ്പെടുത്തി. നിലവിലെ ഫ്യുവല്‍ ഇന്‍ജക്ടറുകള്‍ക്ക് പരമാവധി 1 പിപിഎം വരെയുള്ള ക്ലോറൈഡ് മാത്രമേ പ്രതിരോധിക്കാനാവൂ. കേരളത്തിലെ 24 പെട്രോള്‍ പമ്പുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ക്ലോറൈഡിന്റെ സാന്നിധ്യം 1 മുതല്‍ 2.2 വരെ മാത്രമാണ്.ഇന്ധനത്തിലെ മലിനീകരണം സംബന്ധിച്ച് വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം(SIAM) ജൂലൈ 28ന് സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ കത്ത് പിന്‍വലിക്കുകയും ചെയ്തു. പരിശോധനാ രീതികളും ശേഖരിച്ച സാമ്പിളുകളുടെ എണ്ണവും അന്തിമ നിഗമനത്തിലെത്താന്‍ സഹായിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് സംഘടന നിലപാട് മാറ്റിയത്. വാഹന നിര്‍മാതാക്കള്‍ കൂട്ടായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം അയച്ച ഈ കത്തു പിന്‍വലിച്ച നടപടിയും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്.തികച്ചും വ്യത്യസ്തമാണ് എണ്ണക്കമ്പനികള്‍ പുറത്തുവിടുന്ന കണക്കുകള്‍. റിഫൈനറികളില്‍ നിന്നും ശേഖരിച്ച നൂറിലധികം പെട്രോള്‍ സാമ്പിളുകളില്‍ ക്ലോറൈഡിന്റെ അളവ് 1 പിപിഎമ്മോ അതിലും താഴെയോ ആണ്. ഡിസ്റ്റിലറികളില്‍ നിന്നുള്ള എഥനോള്‍ സാമ്പിളുകളിലും ഡിപ്പോയില്‍ നിന്നുള്ള ഇ20 സാമ്പിളുകളിലും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. പെട്രോള്‍ പമ്പുകളിലെ ഭൂഗര്‍ഭ ടാങ്കുകളില്‍ വെള്ളം ഇറങ്ങുന്നതായി വ്യാപകമായി കണ്ടെത്തിയിട്ടില്ലെന്നും എണ്ണക്കമ്പനികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെ നടത്തിയ പരിശോധനകളില്‍ മലിനീകരണവുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Sports ⏭️


