NEWS

ബാർ ലൈസൻസ് പുതുക്കൽ: ചട്ടലംഘനമില്ലെന്ന് സർക്കാർ കേന്ദ്ര ടൂറിസം വകുപ്പിന് പഴി

കൊച്ചി: ബാർ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിലെ അഴിമതി ആരോപണം നിഷേധിച്ച് നികുതി വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ലൈസൻസ് ചട്ടങ്ങളിൽ വെള്ളം ചേർത്തിട്ടില്ലെന്നും സ്റ്റാർ ക്ലാസിഫിക്കേഷനില്ലാത്ത ഹോട്ടലുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കാൻ ഉത്തരവിട്ടിട്ടില്ലെന്നും നികുതി വകുപ്പ് അഡി. സെക്രട്ടറി എം.വി. പ്രമോദിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര ടൂറിസം വകുപ്പിനെ പരോക്ഷമായി പഴിച്ചാണ് സത്യവാങ്മൂലം.

എൽ.ഡി.എഫ് സർക്കാരിന്റെ അവസാന നാളുകളിലെ ഉത്തരവിനെ ചോദ്യം ചെയ്ത് കേരള മദ്യനിരോധന സമിതിയടക്കം നൽകിയ പൊതുതാത്പര്യ ഹർജികളിലാണിത്. വിഷയം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

വിദേശമദ്യ ചട്ടമനുസരിച്ച് ബാർ ഹോട്ടൽ ലൈസൻസ് പുതുക്കണമെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്റ്രാർ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സംസ്ഥാനത്ത് നക്ഷത്ര പദവിയുള്ള 905 ഹോട്ടലുകളുണ്ട്. ഇതിൽ 150-200 ഹോട്ടലുകൾ റീക്ലാസിഫിക്കേഷന് അപേക്ഷിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പരിശോധനകൾക്കും നടപടികൾക്കും കേന്ദ്ര ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായെന്നും അതിനാൽ ലൈസൻസ് പുതുക്കി നൽകുന്നതിന് ഒരു ഇടക്കാല ക്രമീകരണമെന്ന നിലയിലാണ് ഉത്തരവിറക്കിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ ഉത്തരവ് ചട്ടവിരുദ്ധമാണെന്നും അഴിമതിക്കുള്ള ഗൂഢാലോചനയുണ്ടെന്നുമാണ് ഹർജികളിലെ ആരോപണം.

Read News ⏭️

Back to top button