യുഡിഎഫ് യോഗം ചേരാത്തതെന്തെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം: അടൂർ പ്രകാശ്

തിരുവനന്തപുരം: ഭരണകൂടവും മുന്നണിയും തമ്മിലുള്ള ഏകോപനത്തിൽ ഗുരുതരമായ പാളിച്ചകളുണ്ടെന്ന സൂചന നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ രൂക്ഷ വിമർശനം. കെ-റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നടത്തിയ പ്രസ്താവന മന്ത്രിസഭയുടെ കൂട്ടായ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്യുന്നതാണെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. ജിഎൻഎ വൈദ്യുതി വാങ്ങുന്നില്ലെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ സർക്കാരിന്റെ പ്രവർത്തന ശൈലിയെ തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. മുന്നണി യോഗങ്ങൾ കൃത്യമായി ചേരാത്തതിനെക്കുറിച്ച് ചോദിക്കേണ്ടത് ചെയർമാനായ മുഖ്യമന്ത്രിയോടാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെയും യുഡിഎഫിന്റെ പ്രവർത്തനരീതിക്കെതിരെ അടൂർ പ്രകാശ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നൽകിയതടക്കമുള്ള സുപ്രധാന തീരുമാനങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാതെയാണ് കൈക്കൊണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുന്നണിയിലെ പല നിർണായക തീരുമാനങ്ങളും താൻ മാധ്യമങ്ങളിൽ നിന്നാണ് മനസ്സിലാക്കുന്നതെന്നും ഇത് ഏറെ ഖേദകരമാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഈ വിഷയങ്ങളിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടി തലത്തിൽ ഈ വിഷയങ്ങളിൽ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കൺവീനർ വീണ്ടും പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയത് എന്നാണ് പാർട്ടി വൃത്തങ്ങളിലെ സംസാരം.




