NEWS

ഹോർത്തൂസ് സാഹിത്യോത്സവം: കൊച്ചിയിൽ റേഡിയോ മാംഗോ ‘ഡെസിബെൽ’ ആരംഭിച്ചു

കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസ് കലാ-സാഹിത്യോത്സവത്തിന്റെ ഭാഗമായി റേഡിയോ മാംഗോ ഒരുക്കുന്ന സംഗീത ബാൻഡ് മത്സരമായ ‘ഡെസിബെലി’ന് വർണാഭമായ തുടക്കം. ട്രെൻഡ്‌സ് ആണ് ഈ സംഗീതവിരുന്നിന്റെ മുഖ്യ പ്രായോജകർ. കളമശ്ശേരിയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് (XIME) അങ്കണത്തിൽ വെച്ചാണ് ഡെസിബെലിന്റെ ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയത്.

പ്രശസ്ത ഗായിക സേബ ടോമി ഔദ്യോഗികമായി ഡെസിബെലിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. മദർ ജെയിൻ മ്യൂസിക് ബാൻഡിലെ പ്രമുഖരായ ബൈജു ധർമജൻ, ദീപു ശശിധരൻ, റേഡിയോ മാംഗോ പ്രോഗ്രാം ഡയറക്ടർ രവി നായർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബൈജു ധർമജനും ദീപു ശശിധരനും ചേർന്ന് അവതരിപ്പിച്ച തത്സമയ സംഗീതപരിപാടി ചടങ്ങിന് മാറ്റുകൂട്ടി. കൂടാതെ, മത്സരത്തിനായി കോളേജ് ബാൻഡുകൾ അയച്ചുനൽകിയ വീഡിയോകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാഡക്സ് ബാൻഡിന്റെ പ്രകടനവും വേദിയിൽ ശ്രദ്ധേയമായി.

സ്വന്തമായി സംഗീതസംവിധാനം നിർവഹിക്കുന്ന ബാൻഡുകൾക്കായി ഒരുക്കിയ ‘പ്രോ റോക്കേഴ്‌സ്’ വിഭാഗത്തിൽ പുതിയതും പഴയതുമായ എല്ലാ ബാൻഡുകൾക്കും അവസരമുണ്ട്. ഇതിനായി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള തങ്ങളുടെ ഒറിജിനൽ ഗാനത്തിന്റെ വീഡിയോയാണ് സമർപ്പിക്കേണ്ടത്. പ്രാഥമിക ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ബാൻഡുകൾക്ക് കൊച്ചിയിൽ വെച്ച് ഓഡിഷൻ നടത്തും. അവിടെനിന്ന് യോഗ്യത നേടുന്നവർക്കായി ഡിസംബർ 4-ന് കൊച്ചി രാജേന്ദ്ര മൈതാനിയിൽ വെച്ച് ഫൈനൽ മത്സരം നടക്കും. പ്രമുഖ റോക്ക് ബാൻഡായ മദർ ജെയിനിലെ അംഗങ്ങളാണ് വിധിനിർണയം നടത്തുന്നത്.

വിജയികളാകുന്ന ബാൻഡിന് ഡിസംബർ 6-ന് ഹോർത്തൂസ് വേദിയിൽ മദർ ജെയിന്റെ സംഗീതപരിപാടിക്ക് മുന്നോടിയായി അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 75,000 രൂപയും 25,000 രൂപയും സമ്മാനമായി ലഭിക്കും.

Fashion ⏭️

Back to top button