അഞ്ച് വർഷത്തെ യുദ്ധത്തിന് വിരാമം; അബുദാബിയിൽ ഉന്നതതല ചർച്ച, സമാധാനത്തിനായി യുഎഇയുടെ കർമ്മപദ്ധതി

അബുദാബി: അമേരിക്ക, റഷ്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ അണിനിരത്തിക്കൊണ്ടുള്ള മൂന്നാം ഘട്ട ത്രികക്ഷി ചർച്ചകൾക്ക് അബുദാബിയിൽ തുടക്കം കുറിച്ചു. യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾക്ക് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഊഷ്മളമായ സ്വാഗതമരുളി.
നയതന്ത്രപരമായ ചർച്ചകളിലൂടെയും സമാധാനപരമായ ഇടപെടലുകളിലൂടെയും നിലവിലെ പ്രതിസന്ധികൾക്ക് ശാശ്വതവും രാഷ്ട്രീയവുമായ പരിഹാരം കണ്ടെത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യുഎഇ ഇത്തരമൊരു ചർച്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക ആശംസകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി എന്നിവർക്കും ചർച്ചയിൽ പങ്കെടുത്ത മുഴുവൻ പ്രതിനിധികൾക്കും വേണ്ടി ഷെയ്ഖ് അബ്ദുല്ല കൈമാറി.
യുഎഇയുടെ വിദേശനയങ്ങളിലെ സുതാര്യതയിലും സൗഹൃദപരമായ സഹകരണങ്ങളിലും പങ്കാളിത്ത രാജ്യങ്ങൾ പ്രകടിപ്പിച്ച വിശ്വാസത്തെയും അദ്ദേഹം ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിച്ചു.




