സിബിയോണിന്റെ ഭാര്യയുടെ പണമിടപാടുകൾ: കേന്ദ്ര ഏജൻസികളുടെ അന്വേഷണം പലിശ വാങ്ങിയവരിലേക്ക്

കൊല്ലം∙ വ്യാജനോട്ട് കേസിലെ മുഖ്യപ്രതി സിബിയോണിന്റെ ഭാര്യ വാടി കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ ടിൻസിയിൽ നിന്നും വായ്പയെടുത്ത നാല് സ്ത്രീകളെ ക്രൈംബ്രാഞ്ച് സംഘം വിളിപ്പിച്ചു വരുത്തി മൊഴിയെടുത്തു. പണം കൈമാറിയതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. പണമിടപാടുകളിൽ പങ്കാളികളായ കൂടുതൽ പേരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. രാജേഷ്കുമാർ വ്യക്തമാക്കി.
ഭീമമായ പലിശ നിരക്കിൽ ലക്ഷങ്ങളുടെ ബിസിനസ്സ് ടിൻസി നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ആഴ്ചപ്പലിശയായും മാസപ്പലിശയായും വൻ തുകയാണ് ഇവർ ഈടാക്കിയിരുന്നത്. ഒരു ലക്ഷം രൂപയ്ക്ക് ആഴ്ചയിൽ 3000 രൂപയും മാസത്തിൽ 5000 രൂപയുമാണ് പലിശയിനത്തിൽ വാങ്ങിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിനു പുറമെ അത്തച്ചിട്ടി, ഓണച്ചിട്ടി തുടങ്ങിയ പേരുകളിലും പണപ്പിരിവ് നടത്തിയിരുന്നു. പലരും ഒൻപത് മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെയാണ് ടിൻസിയിൽ നിന്നും കടമായി വാങ്ങിയിട്ടുള്ളതെന്നാണ് ചോദ്യം ചെയ്യലിലൂടെ വെളിപ്പെടുന്നത്. ടിൻസിയുടെ അയൽവാസിയായ ഒരു യുവതി മേയ് മാസം മുതൽ പലിശ നൽകുന്നത് മുടക്കിയതിനെ തുടർന്ന് ഇവർ തമ്മിൽ കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നു.




