പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിചേർക്കാൻ നീക്കം, ഡിജിപി റിപ്പോർട്ട് തേടി

അടൂർ പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയെന്ന പരാതിയിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുക്കാൻ സാധ്യത. ഈ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികൾ ഉൾപ്പെട്ട അക്രമസംഭവം നടന്നതിനെ തുടർന്ന്, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധികൾ സ്റ്റേഷനുകളിൽ സന്ദർശനം നടത്തുന്നത് സാധാരണ നടപടിയാണെങ്കിലും, അതിനപ്പുറം നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ അടൂർ സ്റ്റേഷനുള്ളിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങൾ സിസിടിവി വഴി പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദമായത്.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Sreena Devi / Facebook എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)




