NEWS

ദുബായ് പാർക്കിലെ ദുരിതജീവിതം: ഒരുനേരം മാത്രം ഭക്ഷിച്ച് മലയാളി യുവതിയുടെ അതിജീവനം

ദുബായ്∙ നാട്ടിലെ ഗാർഹിക പീഡനങ്ങളുടെ നരകയാതനകളിൽ നിന്ന് രക്ഷനേടി, പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള സ്വപ്നങ്ങളുമായാണ് ആ എംബിഎ ബിരുദധാരി യുഎഇയിലെത്തിയത്. എന്നാൽ, സഹായിക്കാനായി മനസ്സ് കാണിച്ചതിന്റെ പേരിൽ അവർക്ക് അനുഭവിക്കേണ്ടി വന്നത് തീരാദുരിതങ്ങളും നിയമപരമായ കുരുക്കുകളുമായിരുന്നു. സുഹൃത്തിന് അഭയവും സഹായവും നൽകുന്നതിനായി സ്വന്തം ചെക്കുകളും സുപ്രധാന രേഖകളും കൈമാറിയതാണ് ഈ ആലപ്പുഴ സ്വദേശിനിയുടെ ജീവിതം കീഴ്മേൽ മറിച്ചത്. സർവസ്വവും നഷ്ടപ്പെട്ട്, തൊഴിൽ പോലും ഉപേക്ഷിക്കേണ്ടി വന്ന ഈ യുവതിയുടെ അവസ്ഥ ഇന്നും ദയനീയമായി തുടരുന്നു. ഭക്ഷണം പോലും ലഭിക്കാതെ, കൊടുംവെയിലും തണുപ്പും സഹിച്ച് ദുബായിലെ പാർക്കുകളിൽ അഭയം തേടേണ്ടി വന്ന വേദനിപ്പിക്കുന്ന അനുഭവമാണ് ഇവർ മനോരമ ഓൺലൈനിനോട് പങ്കുവെച്ചത്. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം രേഖകളോ ചെക്കുകളോ കൈമാറരുതെന്ന് അധികൃതർ കർശനമായി മുന്നറിയിപ്പ് നൽകുമ്പോഴും, അത്തരം ജാഗ്രത പാലിക്കാത്തവർ എത്തിപ്പെടുന്നത് എത്ര വലിയ അപകടങ്ങളിലേക്കാണെന്ന് ഈ യുവതിയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

ജീവിതം രക്ഷിക്കാൻ ഓടിവന്നു, ഇപ്പോൾ ഭയന്ന് ജീവിക്കുന്നു: ആലപ്പുഴയിലെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽ ജനിച്ചുവളർന്ന വ്യക്തിയാണ് ഇവർ. മാതാപിതാക്കൾ നഷ്ടപ്പെട്ട ഇവർ ഹൈദരാബാദിൽ നിന്നാണ് ഫിനാൻസിൽ എംബിഎ പൂർത്തിയാക്കിയത്. വിവാഹത്തിന് ശേഷം ഭർത്താവിൽ നിന്ന് കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നത്. മകൻ ജനിച്ചിട്ടും പീഡനങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല. ഒടുവിൽ, ഭർത്താവിന്റെ ക്രൂരതകളിൽ നിന്ന് രക്ഷനേടാൻ സ്വന്തം മകനെപ്പോലും വിട്ടുപിരിഞ്ഞ് ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നു. തനിക്കെതിരെ വധഭീഷണിയും ആക്രമണങ്ങളും തുടർക്കഥയായതോടെ 2021-ലാണ് ഇവർ യുഎഇയിൽ എത്തുന്നത്.

താൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ വാടക മുടങ്ങിയ വിവരം ഇവർ വളരെ വൈകിയാണ് അറിഞ്ഞത്. വാടക സംബന്ധിച്ച അറിയിപ്പുകൾ ലഭിക്കേണ്ടിയിരുന്ന ഫോൺ നമ്പർ നഷ്ടപ്പെട്ടതിനാൽ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ മുന്നറിയിപ്പുകൾ ഇവർക്ക് ലഭിച്ചില്ല. കുടിശ്ശിക വർധിച്ചതോടെ റിയൽ എസ്റ്റേറ്റ് കമ്പനി നിയമനടപടികളുമായി മുന്നോട്ടുപോവുകയും, 15,500 ദിർഹം കെട്ടിവെക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. നിലവിൽ നാട്ടിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തിന് തന്നെ സഹായിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. എങ്കിലും സുഹൃത്തിനെ കുറ്റപ്പെടുത്താൻ ഇവർ തയ്യാറല്ല; മറിച്ച്, അമിതവിശ്വാസത്തോടെയും ജാഗ്രതയില്ലാതെയും സ്വന്തം രേഖകൾ കൈമാറിയ തന്റെ ഭാഗത്തുണ്ടായ പിഴവ് തന്നെയാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് ഇവർ സമ്മതിക്കുന്നു.

Fashion ⏭️

Back to top button