പി.എസ്.സി ഖാദി ബോർഡ് നിയമന തട്ടിപ്പ്: മുൻ ചെയർമാൻ സക്കീർ ഹുസൈൻ പ്രതിപ്പട്ടികയിൽ

എം.കെ. സക്കീർ
തിരുവനന്തപുരം: പി.എസ്.സി ഖാദി ബോർഡ് നിയമന പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മുൻ ചെയർമാൻ എം.കെ. സക്കീറിനെ പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തി. വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ തസ്തികയിലേക്കുള്ള റാങ്ക് പട്ടികയിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയെ നിയമിക്കുന്നതിനായി യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പരീക്ഷാ നടത്തിപ്പിൽ അട്ടിമറി നടത്തിയെന്നാണ് പ്രധാന ആരോപണം. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം (എസ്.ഐ.ടി) സക്കീറിനെ ചോദ്യം ചെയ്യാനായി ഉടൻ തന്നെ നോട്ടീസ് അയക്കും.
2016 മുതൽ 2022 ഒക്ടോബർ വരെയുള്ള കാലയളവിലായിരുന്നു സക്കീർ പി.എസ്.സി ചെയർമാൻ പദവി വഹിച്ചിരുന്നത്. ഈ സമയത്താണ് ഖാദി ബോർഡ് ഇൻസ്‌പെക്ടർ പരീക്ഷയും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയും നടന്നത്. 2019-ൽ നടന്ന വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2020-ലാണ് പ്രസിദ്ധീകരിച്ചത്.
2020-ൽ നടന്ന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2022-ലാണ് പുറത്തുവന്നത്. കെ.എ.എസ് പരീക്ഷ ഉൾപ്പെടെയുള്ളവയിൽ സക്കീർ സി.പി.എമ്മിന് വേണ്ടി അനധികൃത ഇടപെടലുകൾ നടത്തിയതായി നേരത്തെ ചോദ്യം ചെയ്യലിന് വിധേയരായ കമ്മീഷൻ അംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. സി.പി.എം അനുഭാവിയായ സക്കീർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
പി.എസ്.സി സെക്രട്ടറിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പി.എസ്.സി സെക്രട്ടറി സാജു ജോർജിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ പരീക്ഷാ നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് അന്വേഷണ സംഘം ആരാഞ്ഞത്. സാജു ജോർജിന്റെ മൊഴി കൂടി വിശകലനം ചെയ്ത ശേഷമേ പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിനെ വിളിച്ചുവരുത്തുകയുള്ളൂ. തുടർന്ന്, പി.എസ്.സിയിലെ എല്ലാ അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.




