NEWS

നാട്ടിലെത്തിയ യുവാവ് യുവതിക്കൊപ്പം പോയി; അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ, ദുരൂഹത നീങ്ങുന്നുമില്ല

അമൃത്സർ: കാനഡയിൽ നിന്ന് നാട്ടിലെത്തിയിട്ട് വെറും രണ്ട് മാസം മാത്രം തികയുന്ന ഇരുപതുകാരൻ ദുരൂഹസാഹചര്യത്തിൽ അയൽവീട്ടിൽ മരിച്ച നിലയിൽ. പഞ്ചാബ് സ്വദേശിയായ ഗുർദീപ് സിങ്ങ് എന്ന ഗാരിയാണ് ദാരുണമായി അന്ത്യശ്വാസം വലിച്ചത്. മകനെ അയൽവാസിയും ഭാര്യയും ചേർന്ന് വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയതാണെന്നും, അവനിൽ നിന്ന് ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. ഗുർദീപിന്റെ പിതാവ് കരംജീത് സിങ്ങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൻപ്രീത് സിങ്, ഭാര്യ മന്ദീപ് കൗർ, ഇവരുടെ സഹായി സോണി എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ഇതിൽ ഒരാളെ പോലീസ് പിടികൂടുകയും ചെയ്തു.

രണ്ട് മാസം മുമ്പ് കാനഡയിൽ നിന്ന് തിരിച്ചെത്തിയ ഗുർദീപിനെ വിമാനത്താവളത്തിൽ വെച്ച് അയൽവാസിയായ യുവതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. സ്വന്തം വീട്ടുകാരെ കാണാൻ പോലും അനുവദിക്കാതെ ഗുർദീപിനെ അവർ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് മാതാവ് വെളിപ്പെടുത്തി. ഗുർദീപിന്റെ പക്കൽ നിന്ന് ഒൻപത് ലക്ഷത്തോളം രൂപ കവർന്നെടുത്ത പ്രതികൾ, ഈ പണം ഉപയോഗിച്ച് ട്രാക്ടറും ബൈക്കും ലാപ്ടോപ്പും സ്വന്തമാക്കിയതായും മാതാവ് ആരോപണം ഉന്നയിച്ചു.

മരണത്തിലെ ദുരൂഹതകൾ നീക്കുന്നതിനും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും അന്വേഷണ സംഘം നടപടികൾ ശക്തമാക്കിയിരിക്കുകയാണ്.

Fashion ⏭️

Back to top button