NEWS

ബൈക്ക് നൽകാൻ വിസമ്മതിച്ചു; സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് വെടിയേറ്റു, സുഹൃത്ത് കസ്റ്റഡിയിൽ

വരന്തരപ്പിള്ളിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റം വെടിവെപ്പിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വേലൂപ്പാടം പൗണ്ട് പഞ്ഞിക്കാരൻമൂല കൂട്ടുങ്ങൽ വീട്ടിൽ അരുണിനാണ് (43) പരിക്കേറ്റത്. നെഞ്ചിൽ പെല്ലറ്റ് തറച്ച ഇദ്ദേഹത്തെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. എയർഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തത്.

വേലൂപ്പാടം കിണറിനു സമീപമുള്ള ചിറ്റിലപ്പിള്ളി വീട്ടിൽ പ്രിയനെ (37) ആണ് വരന്തരപ്പിള്ളി പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രിയന്റെ ബൈക്ക് ഓടിക്കാൻ നൽകണമെന്ന് അരുൺ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഇതിൽ കുപിതനായ അരുൺ ഇരുമ്പുവടി കൊണ്ട് പ്രിയനെ മർദിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിൽ പ്രകോപിതനായ പ്രിയൻ ഉടൻതന്നെ വീട്ടിലേക്ക് ഓടിക്കയറി എയർഗൺ എടുത്ത് അരുണിനു നേരെ വെടിയുതിർക്കുകയായിരുന്നു.

ആദ്യം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അരുണിനെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെടിയുതിർത്ത ശേഷം സംഭവസ്ഥലത്ത് നിന്ന് ഒളിവിൽ പോകാൻ ശ്രമിച്ച പ്രിയനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

Fashion ⏭️

Back to top button