FASHION

മുഖത്തെ കരിവാളിപ്പും പാടുകളും അകറ്റി തിളക്കം നൽകാൻ ഉരുളക്കിഴങ്ങ് ഫേസ്‌പാക്കുകൾ

പ്രതീകാത്മക ചിത്രം

മുഖത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്താനും ചർമ്മത്തിലെ കരിവാളിപ്പും കറുത്ത പാടുകളും അകറ്റി തിളക്കമാർന്ന ചർമ്മം സ്വന്തമാക്കാനും സഹായിക്കുന്ന മികച്ചൊരു പ്രകൃതിദത്ത മാർഗ്ഗമാണ് ഉരുളക്കിഴങ്ങ്. വിറ്റാമിൻ സി, അയൺ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഉരുളക്കിഴങ്ങ് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചില ഫേസ്‌പാക്കുകളെക്കുറിച്ച് താഴെ പ്രതിപാദിക്കുന്നു.

ഉരുളക്കിഴങ്ങ് തൈര് ഫേസ്‌പാക്ക്

ചർമ്മത്തിന് തിളക്കം നൽകാനും മൃതകോശങ്ങളെ നീക്കം ചെയ്ത് പുതുജീവൻ നൽകാനും ഈ മിശ്രിതം സഹായിക്കുന്നു. തിളക്കമുള്ള മുഖകാന്തി ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്. രണ്ട് ടേബിൾസ്പൂൺ ഉരുളക്കിഴങ്ങ് നീരിലേക്ക് സമം തൈര് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

ഉരുളക്കിഴങ്ങ് നാരങ്ങാനീര് ഫേസ്‌പാക്ക്

കറുത്ത പാടുകളും വെയിലേറ്റുള്ള കരിവാളിപ്പും നീക്കം ചെയ്യാൻ ഉരുളക്കിഴങ്ങ്-നാരങ്ങാനീര് മിശ്രിതം ഏറെ ഫലപ്രദമാണ്. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മമുള്ളവർക്കും മുഖത്തെ പാടുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇത് ആശ്വാസമേകും. രണ്ട് ടീസ്‌പൂൺ ഉരുളക്കിഴങ്ങ് നീര്, രണ്ട് ടീസ്‌പൂൺ നാരങ്ങാനീര്, അര ടീസ്‌പൂൺ തേൻ എന്നിവ നന്നായി യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.

ഉരുളക്കിഴങ്ങ് തക്കാളി ഫേ‌സ്‌പാക്ക്

മുഖക്കുരുവിനെ പ്രതിരോധിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണിത്. ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞുകൂടിയ അഴുക്ക് നീക്കം ചെയ്യാനും ബാക്ടീരിയകളെ നശിപ്പിച്ച് മുഖക്കുരു കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഒരു ടേബിൾ സ്‌പൂൺ ഉരുളക്കിഴങ്ങ് നീരിലേക്ക് ഒരു ടേബിൾ സ്‌പൂൺ തക്കാളി നീരും ഒരു ടീസ്‌പൂൺ തേനും ചേർത്ത് യോജിപ്പിച്ച് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുക. മിശ്രിതം ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ഉരുളക്കിഴങ്ങ് മഞ്ഞൾ ഫേസ്‌പാക്ക്

ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകാൻ ഇത് മികച്ചൊരു പ്രതിവിധിയാണ്. ഉരുളക്കിഴങ്ങ് അരച്ചെടുത്തതിലേക്ക് അര ടീസ്‌പൂൺ കസ്തൂരി മഞ്ഞൾ കൂടി ചേർത്ത് നന്നായി കുഴയ്ക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് കാത്തിരുന്ന ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടുതവണ ഈ രീതി പിന്തുടരുന്നത് ചർമ്മത്തിന് ഉണർവ് നൽകും.

(പ്രകൃതിദത്തമാണെങ്കിൽ പോലും ഇത്തരം ഫേസ്‌പാക്കുകൾ പൂർണ്ണമായി ഉപയോഗിക്കുന്നതിന് മുൻപ് കൈയിലോ കഴുത്തിലോ ചെറിയൊരു ഭാഗത്ത് പുരട്ടി അലർജി ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.)

Health ⏭️

Back to top button