NEWS

ബംഗ്ലാദേശ് വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളി സമരം: 3.6 ലക്ഷം കോടിയുടെ കയറ്റുമതി പ്രതിസന്ധിയിൽ

ബംഗ്ലാദേശിന്റെ സാമ്പത്തിക ഭദ്രതയെ ഉലച്ചുകൊണ്ട് വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളികൾ വീണ്ടും തെരുവിലിറങ്ങിയിരിക്കുകയാണ്. മാന്യമായ വേതനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തെ തുടർന്ന് രാജ്യത്തെ നിരവധി ഫാക്ടറികളുടെ പ്രവർത്തനം സ്തംഭിച്ചു. പലയിടങ്ങളിലും സമരക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ സംഘർഷങ്ങൾ ഉടലെടുക്കുകയും പ്രധാന പാതകളിലെ ഗതാഗതം തടസപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിന്റെ ഭാഗമായി, തൊഴിലാളികളുടെ ശമ്പളഘടനയിൽ മാറ്റം വരുത്താൻ ഒരു പ്രത്യേക സമിതിയെ നിയോഗിക്കാൻ സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.

നിലവിൽ വസ്ത്രനിർമ്മാണ ശാലകളിൽ ജോലി ചെയ്യുന്നവർക്ക് ശരാശരി 12,500 ടാക്ക (ഏകദേശം 9500 രൂപ) മാത്രമാണ് പ്രതിമാസ ശമ്പളമായി ലഭിക്കുന്നത്. എന്നാൽ, ഇത് 30,000 ടാക്കയാക്കി (ഏകദേശം 23,000 രൂപ) ഉയർത്തണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അതായാത്, നിലവിലെ ശമ്പളത്തിൽ 140 ശതമാനത്തോളം വർധനവാണ് ഇവർ ഉന്നയിക്കുന്നത്. കുതിച്ചുയരുന്ന വിലക്കയറ്റം മൂലം ജീവിതം ദുസ്സഹമായെന്നും ഈ തുച്ഛമായ വേതനം കൊണ്ട് കുടുംബം പുലർത്താൻ സാധിക്കില്ലെന്നുമാണ് തൊഴിലാളികളുടെ വാദം. ഇതിനു പുറമെ, തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുക, മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ പിരിച്ചുവിടുന്നത് അവസാനിപ്പിക്കുക, മാനേജ്‌മെന്റുകളുടെ ഭീഷണി നേരിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും ഇവർ ശക്തമായി ആവശ്യപ്പെടുന്നു.

അതേസമയം, 15,000 കോടി ഡോളറിന്റെ വിപണി മൂല്യമുള്ള ബംഗ്ലാദേശ് സാമ്പത്തിക മേഖല, രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയുടെ പിടിയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുക്രെയ്ൻ-റഷ്യ, ഇറാൻ യുദ്ധങ്ങൾ ഈ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. യുക്രെയ്ൻ സംഘർഷത്തിന് ശേഷം വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില 150 ശതമാനവും, ഡീസൽ വില 70 ശതമാനവുമാണ് വർധിച്ചത്. ഇതിനു പിന്നാലെ ഇറാൻ യുദ്ധം കൂടി ഉണ്ടായതോടെ പ്രകൃതി വാതകത്തിന്റെ വില മൂന്നിരട്ടിയായി കുതിച്ചുയർന്നു.

Fashion ⏭️

Back to top button