NEWS

ഇടുക്കിയുടെ സൗന്ദര്യം: കോടമഞ്ഞും തേയിലത്തോട്ടങ്ങളും ഒരുക്കുന്ന വിസ്മയം

മഞ്ഞുമൂടിയ മലനിരകളും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പാർന്ന തേയിലക്കാടുകളും. ഒരു ഉല്ലാസയാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേര് ഇടുക്കിയുടേതാണ്. കേരള സംസ്ഥാനം രൂപീകൃതമായിട്ട് 70 വർഷം തികയുമ്പോൾ, അതിലും 16 വർഷം ഇളയതായ ഇടുക്കി ജില്ല ഇന്ന് നമ്മുടെ നാടിന്റെ അഭിമാനസ്തംഭമാണ്. വിനോദസഞ്ചാരമേഖലയിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിലും ഇടുക്കി വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പ്രകൃതിയുടെ അനുഗ്രഹം പേറുന്ന ഈ മലയോര ജില്ലയെക്കുറിച്ചുള്ള വിശേഷങ്ങൾ നോക്കാം.

ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ പെരിയാർ കടുവ സങ്കേതം വിശ്വ ടൂറിസം ഭൂപടത്തിൽ സുപ്രധാനമായൊരു ഇടം പിടിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണത്തെത്തുടർന്ന് 1899-ൽ ലേക്ക് റിസർവ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശം, 1934-ൽ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്ന് നാമകരണം ചെയ്യപ്പെട്ടു. തുടർന്ന്, 1950-ൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പെരിയാർ വന്യജീവി സങ്കേതമായി ഇത് പരിണമിച്ചു. പിന്നീട് 1978-ൽ പ്രോജക്ട് ടൈഗർ പദ്ധതിയുടെ ഭാഗമായി കടുവ സംരക്ഷണ കേന്ദ്രമായി ഈ വനമേഖല ഉയർത്തപ്പെട്ടു. 925 ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന ഈ വനപ്രദേശം ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും, സിംഹഭാഗവും ഇടുക്കിയുടെ അധീനതയിലാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ട് (ആർച്ച് ഡാം) സ്ഥിതി ചെയ്യുന്നതും ഇടുക്കിയിലാണ്. കുറവൻ, കുറത്തി എന്നീ മലകളെ തമ്മിൽ തുന്നിച്ചേർത്താണ് ഈ വിസ്മയനിർമ്മിതി നിലകൊള്ളുന്നത്. ജലത്തിന്റെ അമിതമർദ്ദത്തെ ഇരുവശങ്ങളിലേക്കും ക്രമീകരിച്ചു നിർത്താൻ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കാനഡ സർക്കാരിന്റെ സാങ്കേതിക സഹായത്തോടെ 1974-ൽ പണി പൂർത്തിയായ ഈ അണക്കെട്ടിന് വേണ്ടി വന്നത് 4.64 ലക്ഷം ഘനമീറ്റർ കോൺക്രീറ്റാണ്. ഏകദേശം 11 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണുള്ളത്. 70 ടിഎംസി (തൗസന്റ് മില്യൻ ക്യുബിക് ഫീറ്റ്) ആണ് അണക്കെട്ടിന്റെ ആകെ ജലസംഭരണ ശേഷി.

Fashion ⏭️

Back to top button