സൈനിക കന്റീനുകളിൽ ഇനി കേരള മദ്യവും ലഭ്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിസ്റ്റിലറികൾക്ക് സൈനിക, അർധസൈനിക കന്റീനുകളിലേക്ക് നേരിട്ട് മദ്യം എത്തിക്കുന്നതിന് തടസ്സമായിരുന്ന നിയമപരമായ നൂലാമാലകൾ നീക്കാനൊരുങ്ങുന്നു. ഇതിനായി കേരള ജനറൽ സെയിൽസ് ടാക്സ് (കെജിഎസ്ടി) നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാൻ നികുതി വകുപ്പ് നടപടികൾ ആരംഭിച്ചു.
കേരള ഡിസ്റ്റിലറി ആൻഡ് വെയർഹൗസ് ചട്ടത്തിൽ 2022-ൽ തന്നെ ഭേദഗതി വരുത്തിയിരുന്നെങ്കിലും, നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ എതിർപ്പുകൾ കാരണം പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. നിലവിൽ, അയൽസംസ്ഥാനങ്ങളിലെ ഡിസ്റ്റിലറികളിൽ നിന്നാണ് സിഎസ്ഡി (കന്റീൻ സ്റ്റോർസ് ഡിപ്പാർട്മെന്റ്), സെൻട്രൽ പൊലീസ് കന്റീനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ മദ്യം എത്തുന്നത്.
കേരളത്തിൽ പ്രവർത്തിക്കുന്ന മദ്യനിർമാണശാലകൾക്ക് ബവ്റിജസ് കോർപറേഷൻ വഴി മാത്രമാണ് നിലവിൽ ഉൽപന്നങ്ങൾ വിൽക്കാൻ അനുവാദമുള്ളത്. ഈ രീതിയിൽ വിൽക്കുമ്പോൾ 251 ശതമാനത്തോളം വിൽപന നികുതി അടയ്ക്കേണ്ടി വരുന്നുണ്ട്. അമിതമായ നികുതിഭാരം കാരണം മദ്യത്തിന്റെ വില കുത്തനെ ഉയരുന്നതിനാൽ, സംസ്ഥാനത്തെ സൈനിക കന്റീനുകൾ പ്രാദേശിക ഡിസ്റ്റിലറികളിൽ നിന്ന് മദ്യം സംഭരിക്കാൻ വിമുഖത കാണിക്കാറുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ കന്റീനുകളിലേക്ക് മദ്യം കൊണ്ടുവരുമ്പോൾ വിൽപന നികുതിയുടെ പകുതി നൽകിയാൽ മതിയെന്നതും ലിറ്ററിന് 5 രൂപ ഇറക്കുമതി ഫീസായി ഒടുക്കിയാൽ മതിയെന്നതും കന്റീനുകൾക്ക് അനുകൂലമാണ്. ബവ്കോ വഴി മദ്യം നൽകുമ്പോൾ ലഭിക്കുന്ന 251 ശതമാനം നികുതി വരുമാനം നഷ്ടപ്പെടുമെന്നായിരുന്നു നികുതി വകുപ്പിന്റെ മുൻനിലപാട്. എന്നാൽ, നേരിട്ടുള്ള വിൽപനയ്ക്ക് അനുമതി നൽകുന്നതോടെ ഈ തടസ്സങ്ങൾ മറികടക്കാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്.




