ജനക്ഷേമമായിരുന്നു മാധവമേനോന്റെ ലക്ഷ്യം: ജസ്റ്റിസ് സൂര്യകാന്ത്

കൊച്ചി: ജനങ്ങളുടെ നന്മയാണ് ഏറ്റവും വലിയ നിയമമെന്ന തത്വം തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്ത നിയമവിദ്യാഭ്യാസ രംഗത്തെ കുലപതിയായിരുന്നു ഡോ. എൻ.ആർ. മാധവമേനോൻ എന്ന് സുപ്രീം കോടതി ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ച്, ഇന്ത്യൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്ക് എൻ.ആർ. മാധവമേനോൻ സ്മാരക ‘ട്രിബ്യൂട്ട് ഒഫ് ഓണർ’ പുരസ്കാരം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ നിയമപഠനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് പാഠ്യപദ്ധതികൾക്ക് പുതിയ മുഖം നൽകിയത് തിരുവനന്തപുരംകാരനായ മാധവമേനോന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ഓർമ്മിപ്പിച്ചു. അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി എന്ന വിപ്ലവകരമായ ആശയത്തിന് അദ്ദേഹം തുടക്കമിട്ടു. നിയമം ശരിയായ രീതിയിൽ അഭ്യസിച്ചാൽ അത് സാമൂഹിക പരിവർത്തനത്തിനുള്ള കരുത്തുറ്റ ആയുധമായി മാറുമെന്ന് മാധവമേനോൻ ഉറച്ചു വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ അഡ്വ. വെങ്കിട്ടരമണി ഈ പുരസ്കാരത്തിന് അർഹനായതിൽ സന്തോഷമുണ്ടെന്നും, കേന്ദ്ര സർക്കാരിന്റെ പ്രധാന നിയമ ഉപദേഷ്ടാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ അതീവ വിവേകത്തോടും സംയമനത്തോടും കൂടിയാണ് അദ്ദേഹം നിർവഹിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന ജനാധിപത്യ തത്വങ്ങളിൽ അചഞ്ചലമായ വിശ്വാസം പുലർത്തിയിരുന്ന അതുല്യ വ്യക്തിത്വമായിരുന്നു എൻ.ആർ. മാധവമേനോനെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച കേരള ഹൈക്കോടതി ജസ്റ്റിസ് സൗമെൻ സെൻ വ്യക്തമാക്കി.
കേരള ബാർ കൗൺസിലും ബാർ കൗൺസിൽ അഡ്വക്കേറ്റ്സ് അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച ഈ പരിപാടിയിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് എസ്. മനു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അഡ്വക്കേറ്റ് ജനറൽ കെ. ജാജു ബാബു, കേരള ബാർ കൗൺസിൽ ചെയർമാൻ ജി. മുരളീധരൻ, മുൻ ചെയർമാൻ ടി.എസ്. അജിത്, അഡ്വക്കേറ്റ്സ് അക്കാഡമി സെക്രട്ടറി കെ.കെ. നാസർ, മേനോൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ അക്കാഡമി ചെയർമാൻ ഡോ. എസ്. ശിവകുമാർ, ബാർ കൗൺസിൽ ഒഫ് ഇന്ത്യ അംഗം ഡോ. പി. സന്തോഷ് കുമാർ, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ. കൊറ്റം തുടങ്ങിയവർ പ്രസംഗിച്ചു.




