രാജസ്ഥാനിൽ 36 വില്ലകൾ വാങ്ങിയ ഐഎഎസ്–ഐപിഎസ് ദമ്പതികൾക്കെതിരെ അന്വേഷണം

ജയ്പുർ: രാജസ്ഥാനിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനായ ശിഖർ അഗർവാൾ, വിപണി വിലയെക്കാൾ തുച്ഛമായ തുകയ്ക്ക് തനിക്കും ബന്ധുക്കൾക്കും വേണ്ടി മുപ്പത്തിയാറിലധികം വില്ലകൾ കൈക്കലാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് ഉത്തരവ് നൽകി.
രാജസ്ഥാൻ സർക്കാരിന്റെ വ്യവസായ വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയായി അടുത്തിടെ വരെ പ്രവർത്തിച്ചിരുന്ന കാലയളവിൽ, ഹോസ്പിറ്റാലിറ്റി മേഖലയിലുള്ള ചില സ്വകാര്യ കമ്പനികൾക്ക് അനധികൃതമായി ഇളവുകൾ നൽകുകയും റിസോർട്ടുകൾ നിർമിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് വരുത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ശിഖർ അഗർവാളിന്റെ ഈ ഇടപെടലുകൾ വഴി സംസ്ഥാന ഖജനാവിന് വലിയ തോതിൽ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിലുള്ളത്.
ഉദയ്പുർ ജില്ലാ കലക്ടർ, രാജസ്ഥാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വ്യവസായ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങി ഭരണതലത്തിലെ പല സുപ്രധാന പദവികളും ശിഖർ അഗർവാൾ നേരത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.




