NEWS

സ്കൂളിലെത്തി വിദ്യാർഥിനിയെ യന്ത്രവാൾ കൊണ്ട് ആക്രമിച്ചു; ക്ലാസ് മുറിയിലെ ഭീതിയിൽ അധ്യാപികയും സഹപാഠികളും

അമരാവതി: ആന്ധ്രപ്രദേശിലെ ഒരു വിദ്യാലയത്തിനുള്ളിൽ വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇരുപത്തിയൊന്നുകാരൻ യന്ത്രവാൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് അധ്യാപകർ. അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച പകൽ പതിനൊന്നരയോടെയാണ് ഈ ഭയാനകമായ സംഭവം അരങ്ങേറിയത്. ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് എന്ന ദുമ്മുവാണ് പെൺകുട്ടിയെ അക്രമിച്ചത്.

സ്കൂളിലെ ആദ്യ പിരീഡ് കഴിഞ്ഞ ഉടൻ തന്നെയാണ് അക്രമി ക്ലാസ് മുറിയിലേക്ക് എത്തിയതെന്ന് അധ്യാപിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്കൂൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടായിരുന്നതിനാൽ, ജോലിക്കാരെല്ലാമാണ് എത്തിയതെന്നാണ് ആദ്യം കരുതിയതെന്ന് രാജേശ്വരി എന്ന അധ്യാപിക എൻഡി ടിവിയോട് വിശദീകരിച്ചു. സാധാരണയായി ക്ലാസ് മുറികളുടെ വാതിൽ തുറന്നിടാറാണ് പതിവ്. എന്നാൽ, അക്രമി യന്ത്രവാൾ പ്രവർത്തിപ്പിച്ചുകൊണ്ട് ക്ലാസിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് കൊണ്ട് യന്ത്രത്തിന്റെ ശബ്ദം പുറത്ത് കേട്ടിരുന്നെങ്കിലും ഇങ്ങനെയൊരു അപകടം ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നാണ് യുവാവ് അതിവേഗത്തിൽ ക്ലാസിനുള്ളിലേക്ക് ഇരച്ചുകയറി പെൺകുട്ടികൾക്ക് നേരെ മാരകമായ ആക്രമണം അഴിച്ചുവിട്ടത്.

Fashion ⏭️

Back to top button