അസ്ഥിരോഗത്തെ തോൽപ്പിച്ച ധന്യയുടെ ജീവിതവിജയം

ധന്യ രവി
കോഴിക്കോട്: ചെറിയൊരു ചലനമുണ്ടായാൽ പോലും അസ്ഥികൾ ഒടിഞ്ഞുപോകുന്ന അവസ്ഥ. വേദന നിറഞ്ഞതായിരുന്നു ആ ബാല്യകാലം മുഴുവൻ. ‘ഓസ്റ്റിയോ ജെനിസിസ് ഇംപെർഫെക്റ്റ’ എന്ന ജനിതക രോഗാവസ്ഥയെ മുന്നിൽക്കണ്ടപ്പോൾ തളർന്നുപോകാൻ ധന്യ തയ്യാറായിരുന്നില്ല. പ്രതിസന്ധികൾക്കിടയിലും അതിജീവനത്തിന്റെ പാത വെട്ടിത്തുറന്ന പാലക്കാട് മണലി സ്വദേശി ധന്യ (36), ഇന്ന് ശാരീരിക പരിമിതികൾ നേരിടുന്നവർക്ക് വലിയൊരു പ്രചോദനമാണ്. നിലവിൽ എറണാകുളം നോർത്ത് പറവൂരിൽ താമസമാക്കിയ ഇവർ, ‘എനേബിൾ ഇന്ത്യ’ എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി സേവനം അനുഷ്ഠിക്കുകയാണ്.
ഇതിനകം പതിനൊന്നായിരത്തിലധികം മോട്ടിവേഷൻ ക്ലാസുകൾ നയിച്ചുകഴിഞ്ഞു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് ലഭ്യമായ തൊഴിലവസരങ്ങൾ എന്തൊക്കെയാണെന്നും, തങ്ങളുടെ അവകാശങ്ങൾക്കായി എങ്ങനെ ശബ്ദമുയർത്തണമെന്നും ഇവർ ക്ലാസുകളിലൂടെ വ്യക്തമാക്കുന്നു. കൂടാതെ, ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും മറ്റും ലേഖനങ്ങൾ എഴുതുന്നതിലും സജീവമാണ്. ദൈനംദിന കാര്യങ്ങൾക്കായി ഒരു കെയർടേക്കറുടെ സഹായം ധന്യക്കുണ്ട്. പെൺകുട്ടികൾക്ക് ഇത്തരത്തിൽ ശാരീരിക വെല്ലുവിളികൾ ഉണ്ടാകുമ്പോൾ സമൂഹം പലപ്പോഴും വ്യത്യസ്തമായ രീതിയിലുള്ള ചോദ്യങ്ങൾ ഉയർത്താറുണ്ടെന്നും, എന്നാൽ ജീവിതം തന്നോട് കാണിച്ച കരുണ കാരണം അവയെയെല്ലാം ധീരമായി നേരിടാൻ തനിക്ക് സാധിച്ചുവെന്നും ധന്യ രവി പങ്കുവെക്കുന്നു.
പതിനഞ്ച് വയസ്സ് വരെ മാസത്തിൽ രണ്ടു തവണയെങ്കിലും അസ്ഥികൾക്ക് ഒടിവ് സംഭവിക്കുമായിരുന്നു. കൗമാരപ്രായത്തിന് ശേഷമാണ് രോഗത്തിന്റെ കാഠിന്യം അല്പം കുറഞ്ഞത്. പൂർണ്ണമായി ഭേദമാക്കാൻ കഴിയാത്ത ഈ അവസ്ഥയെ അതിജീവിച്ച് മുന്നേറിയ ധന്യയ്ക്ക്, 2018-ലെ ഭിന്നശേഷി ശാക്തീകരണത്തിനുള്ള കേന്ദ്രസർക്കാർ പുരസ്കാരം (റോൾ മോഡൽ വിഭാഗം) ലഭിച്ചിട്ടുണ്ട്. രവിയും നിർമ്മലയുമാണ് മാതാപിതാക്കൾ. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന രാജേഷാണ് സഹോദരൻ.
വേദന മറന്ന് വീട്ടിൽ പഠനം
അസ്ഥികൾ വളരെ വേഗം ഒടിയുന്ന അവസ്ഥയായതിനാൽ പ്രത്യേക വിദ്യാലയങ്ങളിൽ പോലും ധന്യയെ അയക്കാൻ സാധിച്ചിരുന്നില്ല. 12 വയസ്സുവരെ മാതാപിതാക്കളും അയൽവാസിയായ വിക്ടോറിയയുമാണ് ധന്യയുടെ പഠനത്തിന് ചുക്കാൻ പിടിച്ചത്. പിന്നീട് ഓപ്പൺ സ്കൂൾ സമ്പ്രദായത്തിലൂടെ പ്ലസ് ടു വിജയിച്ചു. കൂടാതെ, റൈറ്റിംഗ്, കമ്മ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും ഇവർ പൂർത്തിയാക്കി.




