പുതിയ വാഗൺ ആർ ഉൾപ്പെടെ വിപണിയിലേക്ക് എത്തുന്നത് മൂന്ന് ഹാച്ച്ബാക്കുകൾ

ഇന്ത്യൻ വാഹനവിപണിയിൽ എസ്യുവികളുടെ കുത്തൊഴുക്ക് ശക്തമാണെങ്കിലും, ഹാച്ച്ബാക്ക് മോഡലുകൾ ഇപ്പോഴും തങ്ങളുടെ കരുത്ത് ചോരാതെ നിലനിൽക്കുന്നു. മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ അറ്റകുറ്റപ്പണി ചെലവുമൊക്കെയായി ഉപഭോക്താക്കൾക്കിടയിൽ ഇന്നും ഹാച്ച്ബാക്കുകൾക്ക് വൻ സ്വീകാര്യതയാണുള്ളത്. ഈ വിഭാഗത്തിലേക്ക് കൂടുതൽ പുതുമകളുമായി മാരുതി സുസുക്കിയും ഹ്യുണ്ടേയും ചേർന്ന് മൂന്ന് ജനപ്രിയ മോഡലുകളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അത്യാധുനിക സാങ്കേതികവിദ്യകളും ഡിസൈൻ മാറ്റങ്ങളും എൻജിൻ നവീകരണവുമൊക്കെയായി എത്തുന്ന ഈ വാഹനങ്ങളുടെ വിശേഷങ്ങൾ താഴെ നൽകുന്നു.
പുത്തൻ ഭാവവുമായി മാരുതി സുസുക്കി വാഗൺ ആർ
ഇന്ത്യൻ നിരത്തുകളിൽ ഏറെ പരിചിതമായ വാഗൺ ആറിന്റെ ഫേസ്ലിഫ്റ്റ് പതിപ്പ് ഈ ഡിസംബറിൽ വിപണിയിലെത്തുമെന്നാണ് സൂചനകൾ. വാഹനത്തിന്റെ തനതായ ടോൾ ബോയ് ഡിസൈൻ അതേപടി നിലനിർത്തിക്കൊണ്ട് തന്നെ, മുൻഭാഗത്തെ ഗ്രില്ലിലും ഹെഡ്ലൈറ്റുകളിലും ബമ്പറുകളിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പിൻഭാഗത്തെ എൽഇഡി ടെയിൽ ലാമ്പുകളിലും കമ്പനി നേരിയ മാറ്റങ്ങൾ വരുത്തിയേക്കും. വാഹനത്തിനുള്ളിലേക്ക് കടന്നാൽ വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കൂടുതൽ മെച്ചപ്പെടുത്തിയ സീറ്റ് അപ്ഹോൾസ്റ്ററിയും യാത്രക്കാർക്ക് പ്രീമിയം അനുഭവം നൽകും. നിലവിലെ 1.2 ലീറ്റർ എൻജിന് പകരമായി, സ്വിഫ്റ്റ്, ഡിസയർ, ബലേനോ എന്നീ മോഡലുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക Z12E ത്രീ സിലിണ്ടർ എൻജിൻ വാഗൺ ആറിലും ഇടംപിടിച്ചേക്കും. മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകൾ തുടരുമെന്നാണ് വിവരം. കൂടാതെ, അണ്ടർബോഡി സിഎൻജി ടാങ്ക് കിറ്റുമായി വാഗൺ ആറിന്റെ സിഎൻജി പതിപ്പ് പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്, എന്നാൽ കമ്പനി ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നാലാം തലമുറ ഹ്യുണ്ടേയ് ഐ20
അന്താരാഷ്ട്ര വിപണിയിൽ, പ്രത്യേകിച്ച് ബ്രസീലിൽ ഹ്യുണ്ടേയ് തങ്ങളുടെ പുതിയ തലമുറ ഐ20 ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. സമൂലമായ ഡിസൈൻ മാറ്റങ്ങളും അത്യാധുനിക ഫീച്ചറുകളും ഉൾക്കൊള്ളുന്ന ഈ മോഡൽ ഇന്ത്യൻ വിപണിയിലേക്ക് എപ്പോൾ എത്തുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കൂടുതൽ ഷാർപ്പായ ഫ്യൂച്ചറിസ്റ്റിക് രൂപകൽപ്പനയാണ് പുതിയ പതിപ്പിന്റെ പ്രധാന ആകർഷണം. പുതുക്കിയ എൽഇഡി ഹെഡ്ലാമ്പുകൾ, ഡിആർഎല്ലുകൾ, ഒപ്പം ആകർഷകമായ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ എന്നിവ വാഹനത്തിന്റെ മുൻവശത്തിന് പുതിയ ഭംഗി നൽകുന്നു. മുൻഭാഗത്തെ ഗ്രില്ലിലും ബമ്പറിലും കാര്യമായ മാറ്റങ്ങൾ ദൃശ്യമാണ്. ബ്രസീൽ മോഡലിൽ 17 ഇഞ്ച് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. വാഹനത്തിന് കൂടുതൽ റഗ്ഗ്ഡ് ലുക്ക് നൽകുന്നതിനായി വീൽ ആർച്ചുകളിലും ഡോറുകളുടെ അടിഭാഗത്തായി കറുത്ത ക്ലാഡിങ്ങുകളും നൽകിയിട്ടുണ്ട്.




