ഷീനയുടെ അന്വേഷണം തെളിയിച്ചത്: കാണാതായെന്ന് കരുതിയ പരാതിക്ക് പിന്നിലെ ക്രൂരത

എസ്.എച്ച്.ഒ എൽ. ഷീന
വിഴിഞ്ഞം: ആന്ധ്രാപ്രദേശിൽ നിന്നുള്ള പത്തൊൻപതുകാരിയെ കാണാനില്ലെന്ന പരാതി കേവലം ഒരു തിരോധാന കേസായി കണ്ട് അവസാനിപ്പിക്കേണ്ട ഒന്നായിരുന്നു. എന്നാൽ, പരാതിയിലെ അസ്വാഭാവികത തിരിച്ചറിഞ്ഞ കോവളം പൊലീസ് സ്റ്റേഷനിലെ വനിത എസ്.എച്ച്.ഒ എൽ. ഷീന (42) നടത്തിയ സൂക്ഷ്മമായ അന്വേഷണമാണ് സ്പാ കേന്ദ്രീകരിച്ച് നടന്ന ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.
പെൺകുട്ടിയെ കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് മാതാപിതാക്കൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതിലെ ദുരൂഹത മണത്ത ഷീന, പരാതിക്കാരിയുടെ ഭർത്താവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ സംശയം ബലപ്പെട്ടു. ഒരേ ഫോൺ നമ്പരിൽ രണ്ട് വ്യത്യസ്ത ആധാർ കാർഡുകൾ കണ്ടെത്തി, രണ്ടും തമ്മിൽ ജനനത്തീയതിയിലും വലിയ വ്യത്യാസമുണ്ടായിരുന്നു. ഇതൊരു വലിയ കുറ്റകൃത്യത്തിന്റെ സൂചനയാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം ഊർജിതമാക്കി.
കാട്ടാക്കടയിലെ സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ പെൺകുട്ടിയെ കൊണ്ടുപോയ യുവാവിന്റെ മാതാവിനെ കണ്ടെത്തുകയും, തുടർന്ന് യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇതോടെ അന്വേഷണം തെളിവുകൾ ശേഖരിക്കുന്നതിലേക്ക് തിരിഞ്ഞു.
കേരളത്തിൽ എത്തുന്നതിന് മുൻപ് പെൺകുട്ടി പഠിച്ചിരുന്ന ആന്ധ്രയിലെ സ്കൂളുമായി ബന്ധപ്പെടാൻ വെബ്സൈറ്റിലുണ്ടായിരുന്ന നമ്പറിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവിൽ വാട്സാപ്പ് വഴി സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് ആധാർ കാർഡ് അയച്ചുകൊടുത്ത് പെൺകുട്ടിയുടെ യഥാർത്ഥ പ്രായം സ്ഥിരീകരിച്ചു.
ഈ നടപടികൾക്കിടയിലുള്ള രണ്ട് ദിവസത്തെ ഇടവേളയിൽ പെൺകുട്ടി സുഹൃത്തിനൊപ്പം പോയിരുന്നെങ്കിലും, പ്രായം സ്ഥിരീകരിച്ചതോടെ കുട്ടിയെ തിരികെയെത്തിച്ച് ‘സഖി’ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്ന് സ്പാ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ അന്വേഷണത്തിൽ സെക്സ് റാക്കറ്റിലെ കണ്ണികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ച് കേസ് അവർക്ക് കൈമാറി.
തന്റെ മകന്റെ അതേ പ്രായത്തിലുള്ള പെൺകുട്ടിക്ക് നീതി ലഭ്യമാക്കാനായതിന്റെ ആത്മസംതൃപ്തിയിലാണ് എൽ. ഷീന ഇപ്പോൾ തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അന്വേഷണം പൂവാറിലേക്ക്
ആന്ധ്ര സ്വദേശിയായ 16കാരിയെ കോവളത്തെ സ്പാകളിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം പൂവാറിലേക്കും വ്യാപിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ള രണ്ടാം പ്രതിയുമായി അന്വേഷണ സംഘം പൂവാറിലെ രഹസ്യ കേന്ദ്രത്തിൽ ഉൾപ്പെടെ ഇന്നലെ തെളിവെടുപ്പ് നടത്തി. അവിടെ വീണ്ടും പരിശോധനകൾ നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അറസ്റ്റിലായ ഏഴ് പേരിൽ യുവതികൾ ഉൾപ്പെടെ ആറുപേരും നിലവിൽ റിമാൻഡിലാണ്. പെൺകുട്ടിയുടെ ഇളയമ്മയുടെ കൂടെ താമസിക്കുന്ന യുവാവിനെയാണ് വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി എത്തിച്ചത്. മറ്റ് പ്രതികളെയും വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
പൂവാറിൽ നടത്തിയ പരിശോധനകളിൽ നിർണ്ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ആധാർ കാർഡിൽ കൃത്രിമം കാട്ടിയ സംഭവത്തെക്കുറിച്ചും പ്രത്യേക അന്വേഷണം നടക്കും.




