NEWS

പിഎസ്‌സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ

കേരള പിഎസ്‌സി ആസ്ഥാനം

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. കേസിൽ ഒളിവിൽ പോയിരുന്ന പിഎസ്‌സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ എറണാകുളത്ത് വെച്ച് അന്വേഷണ സംഘം പിടികൂടി. നേരത്തെ സർവീസിൽ നിന്നും സസ്പെൻഷനിലായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരത്തെത്തിച്ച് തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

കേസിലെ മറ്റൊരു പ്രധാന കണ്ണിയായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവരെ രണ്ട് പേരെയും പ്രതിചേർത്താണ് അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ, ക്രമക്കേടിന്റെ വേരുകൾ പിഎസ്‌സിയുടെ ഉന്നത പദവികളിലേക്കും നീളുന്നുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിർണായകമായ വിവരങ്ങളുടെ വെളിച്ചത്തിൽ, പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ നാളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.

ഇതോടൊപ്പം പരീക്ഷാ കൺട്രോളർ ബിനി കെ. ഏബ്രഹാമിനോട് തിങ്കളാഴ്ച നേരിട്ട് ഹാജരാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ, 58 മാർക്ക് വീതം ലഭിക്കേണ്ട പത്ത് ചോദ്യങ്ങൾ മൂല്യനിർണയത്തിനായി പരിഗണിച്ചില്ലെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് നടപടികൾ ശക്തമാക്കിയിരിക്കുന്നത്.

RELATED TOPICS: PSC RECRUITMENT SCAM, R HARI ARRESTED, PSC PLANNING BOARD SCAM, KERALA PSC FRAUD

Sports ⏭️

Read News ⏭️

Back to top button