ജര്‍മനിയിലെ ജെൻ സി പ്രതിഷേധം: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വീസ മുന്നറിയിപ്പ്

ബെര്‍ലിന്‍: ജര്‍മ്മനി മറ്റൊരു വലിയ ജനകീയ പ്രക്ഷോഭത്തിന്റെ ചൂടിലേക്ക് നീങ്ങുകയാണ്. കാലാവസ്ഥാ പ്രതിസന്ധി, തകര്‍ച്ച നേരിടുന്ന വിദ്യാഭ്യാസ മേഖല, വീണ്ടും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ബന്ധിത സൈനിക സേവനം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യത്തെ 23 നഗരങ്ങളില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ക്കാണ് അരങ്ങൊരുങ്ങുന്നത്. ഒക്ടോബര്‍ 31 ശനിയാഴ്ച ‘ജെന്‍ സെഡ് റെഗെല്‍റ്റ്’ (Gen Z regelt) എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഫ്രാന്‍സിലുണ്ടായതിന് സമാനമായ അക്രമസംഭവങ്ങളോ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ ഇടപെടലുകളോ ജര്‍മ്മനിയിലും ഉണ്ടാകുമോ എന്ന ആശങ്ക അധികൃതര്‍ ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ജര്‍മ്മനിയിലെ ഇന്ത്യന്‍ പ്രവാസികളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലാണിത്.
ജര്‍മ്മന്‍ പ്രതിരോധ സേനയായ ‘ബുണ്ടസ്വെര്‍’ (Bundeswehr) ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, 18 വയസ്സ് തികയുന്ന യുവതി യുവാക്കള്‍ക്ക് സൈനിക സേവനത്തിനായി കത്തയക്കുന്ന രീതി സര്‍ക്കാര്‍ പുനരാരംഭിക്കുകയാണ്. ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.




