BUSINESS

ഫ്രാൻസ് പ്രക്ഷോഭം: ചൈനീസ് ബ്രാൻഡുകൾക്ക് ലഭിച്ചത് സൗജന്യ ആഗോള പരസ്യം

ഫ്രാൻസിൽ പടർന്നുപിടിക്കുന്ന യുവജന പ്രക്ഷോഭം ഇപ്പോൾ അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതസാഹചര്യങ്ങൾ കടുപ്പമാക്കുന്ന വിലക്കയറ്റം, വിദ്യാലയങ്ങളിലെ അധ്യാപക ദൗർലഭ്യം, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ, സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങൾ, പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എന്നിവയിൽ പ്രതിഷേധിച്ചാണ് വലിയൊരു വിഭാഗം യുവാക്കൾ തെരുവിലിറങ്ങിയിരിക്കുന്നത്. പലയിടങ്ങളിലും പ്രക്ഷോഭം അക്രമാസക്തമായി മാറുകയും വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനിടെ, പ്രതിഷേധക്കാർ ഒരു കടയുടെ ചില്ലുവാതിൽ തകർക്കാൻ പാടുപെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഈ വിഡിയോ പുറത്തുവിട്ടതോടെ ചൈനീസ് നിർമ്മാണ കമ്പനി ഒരൊറ്റ നിമിഷം കൊണ്ട് ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായി മാറി.

ഹെങ്ഷിൻഫെങ് സ്പെഷൽ ഗ്ലാസസ് എന്ന കമ്പനി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വിഡിയോയാണ് ഇന്റർനെറ്റിൽ വൻ തരംഗമായത്. പാരീസിലെ പ്രശസ്തമായ ലൂയി വിറ്റോൺ (Louis Vuitton) ഷോറൂമിന്റെ ചില്ലുവാതിൽ തകർക്കാൻ യുവാക്കൾ നടത്തുന്ന വിഫലശ്രമങ്ങളാണ് വിഡിയോയിലുള്ളത്. ‘തകർക്കാനാവാത്ത ചില്ലുകൾ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ദൃശ്യം കമ്പനിക്ക് വലിയൊരു സൗജന്യ പരസ്യമായി മാറി. യുവാക്കൾ ചാടിയും ചവിട്ടിയും വടികൊണ്ട് ആഞ്ഞടിച്ചും വാതിൽ തകർക്കാൻ പരമാവധി ശ്രമിച്ചിട്ടും, ചില്ലിൽ ചെറിയ പോറലുകൾ വീണു എന്നതൊഴിച്ചാൽ ഒട്ടും തകരാതെ അത് ഉറച്ചുനിന്നു. ആകസ്മികമായി ലഭിച്ച ഈ വിഡിയോ വൈകാതെ തന്നെ കമ്പനി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഹെങ്ഷിൻഫെങ് എന്ന സ്ഥാപനം അത്യാധുനിക ഗ്ലാസ് ഉൽപന്നങ്ങളുടെ ഗവേഷണത്തിലും നിർമാണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബുള്ളറ്റ്പ്രൂഫ് ഗ്ലാസുകൾ, സ്ഫോടനങ്ങളെ അതിജീവിക്കുന്ന സുരക്ഷാ ചില്ലുകൾ തുടങ്ങിയവയാണ് ഇവരുടെ പ്രധാന ഉൽപന്നങ്ങൾ. ബാങ്കുകൾ, സൈനിക കേന്ദ്രങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ, ജ്വല്ലറികൾ, മ്യൂസിയങ്ങൾ എന്നിങ്ങനെ അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ട ഇടങ്ങളിലാണ് ഹെങ്ഷിൻഫെങ്ങിന്റെ ഉൽപന്നങ്ങൾ പ്രധാനമായും ഉപയോഗിച്ചുവരുന്നത്.

Travel ⏭️

Back to top button