വളർത്തുനായയിൽ നാല് മണിക്കൂർ ശസ്ത്രക്രിയ: നീക്കം ചെയ്തത് അഞ്ച് കിലോ ഭാരമുള്ള മുഴ

ശസ്ത്രക്രിയയിലൂടെ പുതുജീവിതം തേടി ലാബ്രഡോർ
ചേർത്തല: ശാരീരിക അവശതകൾ മൂലം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന വെള്ള ലാബ്രഡോർ ഇനത്തിൽപെട്ട നായയ്ക്ക് അടിയന്തര ശസ്ത്രക്രിയ. പരിശോധനയിൽ വയറ്റിൽ ട്യൂമർ കണ്ടെത്തിയതിനെത്തുടർന്ന് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. ചേർത്തല വെറ്ററിനറി ക്ളിനിക്കിലാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടന്നത്.
ചേർത്തല മായിത്തറ മുണ്ടുപറമ്പിൽ കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള എട്ട് വയസുള്ള ലാബ്രഡോർ നായയാണ് കഠിനമായ രോഗാവസ്ഥയെ അതിജീവിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി തീരെ അവശനായിരുന്ന നായയ്ക്ക് നടക്കാൻ പോലും കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു. തുടർന്ന് ഉടമസ്ഥൻ നായയെ ഗവൺമെന്റ് വെറ്ററിനറി ക്ളിനിക്കിലെത്തിച്ച് ഡോ. സംഗീത് നാരായണനെ കാണിച്ചു. വിദഗ്ധ പരിശോധനയിലും സ്കാനിംഗിലുമാണ് മാമറി ട്യൂമർ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് ഡോ. സംഗീത് നാരായണന്റെ നേതൃത്വത്തിൽ ഡോ. അശ്വനി ബാബുരാജ്, ഡോ. ശാലിനി വിൽക്കിൻസൺ, ഡോ. എസ്. ജയശ്രീ എന്നിവരടങ്ങിയ സംഘം ശസ്ത്രക്രിയ ഏറ്റെടുത്തു. മനുഷ്യരുടെ കണക്കിലെടുത്താൽ എൺപത് വയസിന് തുല്യമായ പ്രായമാണ് ഈ നായയ്ക്കുള്ളത്. എന്നിരുന്നാലും തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗത്തോടുള്ള കരുതൽ മുൻനിർത്തി ഉടമസ്ഥർ ശസ്ത്രക്രിയയ്ക്ക് സമ്മതിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായ നായ വീട്ടിൽ ഓടിനടക്കാനും സാധാരണപോലെ ഭക്ഷണം കഴിക്കാനും പ്രാപ്തനായിക്കഴിഞ്ഞു.




