NEWS

18 വയസ്സിൽ താഴെയുള്ള കുറ്റാരോപിതർ: നിയമനടപടികളിലും തടവുസ്ഥലങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ ഇങ്ങനെ

ആലപ്പുഴ കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിമൂന്നുകാരിയും കൂട്ടുകാരും പിടിയിലായതും, നെടുമ്പാശേരിയിൽ സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ കാറിടിച്ചു മരിച്ച കേസിൽ പത്തൊൻപതുകാരൻ അറസ്റ്റിലായതും, ചേരാനല്ലൂരിൽ യുവാവ് കാറിടിച്ച് മരിച്ച കേസിൽ പതിനേഴുകാരൻ കുടുങ്ങിയതുമെല്ലാം കേരളത്തിൽ കൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ പെരുകുന്നതിന്റെ നേർക്കാഴ്ചകളാണ്. ഇത്തരത്തിലുള്ള കേസുകളിൽ സ്വീകരിക്കുന്ന നിയമപരമായ നടപടിക്രമങ്ങൾ സാധാരണ ക്രിമിനൽ കേസുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

കൗമാരക്കാർ പ്രതികളാകുന്ന കേസുകളിൽ വിചാരണ നടത്തുന്നത് ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി) ആണ്. ഒരു മജിസ്ട്രേറ്റും രണ്ട് അംഗങ്ങളും ചേർന്നതാണ് ഈ സമിതി. പതിനെട്ടു വയസ്സിൽ താഴെയുള്ളവർ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് ഇവർ മാത്രമാണ്. എത്ര ഭീകരമായ കുറ്റകൃത്യമാണെങ്കിലും ജെജെബിക്ക് നൽകാൻ കഴിയുന്ന പരമാവധി ശിക്ഷാ കാലാവധി മൂന്ന് വർഷം മാത്രമാണ്. അതേസമയം, കൊലപാതകം പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 16-18 വയസ്സുവരെയുള്ള കൗമാരക്കാരെ, വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കു ശേഷം മുതിർന്ന പൗരന്മാരായി പരിഗണിച്ച് പ്രത്യേക കോടതിയിൽ വിചാരണ ചെയ്യാൻ നിയമം അനുശാസിക്കുന്നുണ്ട്. എങ്കിലും, ഇത്തരക്കാർക്ക് ജീവപര്യന്തമോ വധശിക്ഷയോ നൽകാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല.

ഇത്തരം കേസുകളിലെ ഭാഷാപ്രയോഗങ്ങളിലും വലിയ മാറ്റങ്ങളുണ്ട്. സാധാരണയായി ഉപയോഗിക്കുന്ന ‘പ്രതി’ എന്ന വാക്കിന് പകരം ‘നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി’ (child in conflict with law) എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. അതുപോലെ അറസ്റ്റ് എന്നതിന് ‘അപ്രിഹെൻഷൻ’ എന്നും റിമാൻഡ് എന്നതിന് ‘പ്ലേസ്‌മെന്റ്’ എന്നുമാണ് പറയുക. കൂടാതെ, കുറ്റപത്രത്തിന് പകരം ‘ഫൈനൽ റിപ്പോർട്ട്’ എന്നും എഫ്ഐആറിന് പകരമായി ‘സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട്’ (SBR) എന്നുമാണ് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നത്.

Fashion ⏭️

Back to top button