BUSINESS

പ്രതിസന്ധികളെ വിജയഗാഥയാക്കിയ സ്റ്റാർട്ടപ്പുകൾ: നൗറിൻ്റെയും റമീസ് അലിയുടെയും മുന്നേറ്റം

കൊച്ചി: സംരംഭകത്വത്തിന്റെ ഉയർച്ചതാഴ്ചകളും കഠിനാധ്വാനത്തിന്റെ കഥകളും പങ്കുവെച്ച് രണ്ട് യുവ സംരംഭകർ വേദനിറഞ്ഞു. അപ്രതീക്ഷിത പ്രതിസന്ധികളെയും കോവിഡ് കാലത്തെ ദുരിതങ്ങളെയും അതിജീവിച്ച് സ്റ്റാർട്ടപ്പ് മേഖലയിൽ തങ്ങളുടേതായ അടയാളം പതിപ്പിച്ച ഫെമിസേഫ് സഹസ്ഥാപക നൗറീൻ ഐഷയും ക്രാവ് സ്ഥാപകൻ റമീസ് അലിയുമാണ് തങ്ങളുടെ വിജയഗാഥകൾ വിവരിച്ചത്. വെൽനെസ് ഉൽപന്ന വിപണിയിലും വിദ്യാഭ്യാസ സാങ്കേതിക രംഗത്തും വലിയ ചുവടുവെപ്പുകൾ നടത്തിയ ഇവർ മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിലാണ് അനുഭവങ്ങൾ പങ്കുവെച്ചത്. ഹീൽ സ്ഥാപകൻ രാഹുൽ മാമൻ ഏബ്രഹാം പരിപാടിയുടെ മോഡറേറ്ററായിരുന്നു.

റമീസിന്റെ സ്റ്റാർട്ടപ്പ് യാത്ര: ഗവൺമെന്റ് ലോ കോളേജിൽ നിയമപഠനം പൂർത്തിയാക്കിയ റമീസ്, മഹാമാരിക്കാലത്തെ വെല്ലുവിളികളെ താൻ എങ്ങനെ അവസരമാക്കി മാറ്റിയെന്ന് വിശദീകരിച്ചു. അയൽപക്കത്തെ കുട്ടികൾക്ക് ട്യൂഷൻ എടുത്തുതുടങ്ങിയ റമീസ്, കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി. ഒരു കുട്ടിക്ക് ഒരു അധ്യാപകൻ എന്ന രീതിയിൽ തുടക്കം കുറിച്ച ഈ സംരംഭം 2021-ഓടെ ‘ഇന്റർവെൽ’ എന്ന പേരിൽ ഒരു കമ്പനിയായി വികസിച്ചു. തുടക്കത്തിൽ ചെറിയ തോതിലുള്ള വളർച്ച മാത്രമായിരുന്നെങ്കിലും പിന്നീട് ബിസിനസ് വൻ കുതിപ്പാണ് നടത്തിയത്. 2022-ൽ രണ്ട് കോടി രൂപ വിറ്റുവരവ് നേടിയ സ്ഥാപനം, തുടർന്നുള്ള വർഷങ്ങളിൽ പത്തും ഇരുപതും അമ്പതും കോടി എന്ന നിലയിൽ വളർച്ച കൈവരിച്ചു. 2025 ആയപ്പോഴേക്കും ലോകത്തെ അറുപതോളം രാജ്യങ്ങളിലെ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർത്ഥികളിലേക്കും കേരളത്തിൽ നിന്നുള്ള പതിനാറായിരത്തോളം അധ്യാപകരിലേക്കും ഈ പ്ലാറ്റ്‌ഫോം വ്യാപിച്ചു കഴിഞ്ഞു.

കുട്ടികളുടെ പഠനത്തിലെ പോരായ്മകൾ കണ്ടെത്തി ഫൗണ്ടേഷൻ കോഴ്സുകൾ അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ യാത്ര, പിന്നീട് വിവിധ രാജ്യങ്ങളിലെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപന്നങ്ങളിൽ മാറ്റങ്ങൾ വരുത്തി വിപണി കീഴടക്കി. വിദേശ വിപണിയിലെ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ് വളരെ വേഗത്തിൽ കോഴ്സുകൾ തയ്യാറാക്കാൻ സാധിച്ചത് വലിയ നേട്ടമായി. സ്റ്റാർട്ടപ്പ് രംഗത്ത് ഫണ്ട് കണ്ടെത്തലും നിക്ഷേപകരെ ആകർഷിക്കലും വലിയ കടമ്പകളാണെങ്കിലും, വ്യക്തമായ ബിസിനസ് കാഴ്ചപ്പാടും ഉപഭോക്താക്കളുടെ സംതൃപ്തിയും ഉണ്ടെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് റമീസ് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ‘ഇന്റർവെൽ’ കമ്പനിയിൽ നിന്ന് എക്സിറ്റ് ആയ റമീസ്, നടൻ നിവിൻ പോളിക്കൊപ്പം ‘ക്രാവ്’ എന്ന പുതിയ സംരംഭത്തിന്റെ തിരക്കിലാണ്.

നൗറീന്റെ ഫെമിസേഫ്: കോവിഡ് കാലത്ത് ഭർത്താവിനൊപ്പം തുടക്കം കുറിച്ച ‘ഫെമിസേഫ്’ എന്ന സ്റ്റാർട്ടപ്പിന്റെ വളർച്ചയും അതിനായി നടത്തിയ കഠിനാധ്വാനവുമാണ് നൗറീൻ പങ്കുവെച്ചത്. സാനിറ്ററി ഉൽപന്നങ്ങളുടെ ദൗർലഭ്യവും അവ നശിപ്പിക്കുന്നതിലെ പ്രയാസങ്ങളും രൂക്ഷമായിരുന്ന കാലത്ത് മെൻസ്ട്രുവൽ കപ്പുകളുമായി തുടങ്ങിയ യാത്ര, പിന്നീട് മികച്ചൊരു വെൽനെസ് ബ്രാൻഡായി മാറി. ആദ്യ വർഷങ്ങളിൽ പാക്കിങ് മുതൽ ഉപഭോക്തൃ സേവനം, എച്ച്.ആർ പ്രവർത്തനങ്ങൾ എന്നിവ വരെ എല്ലാം ഇരുവരും ചേർന്നാണ് ചെയ്തിരുന്നത്. പതുക്കെ കഴിവുകൾക്കനുസരിച്ച് ചുമതലകൾ വിഭജിച്ചാണ് ബിസിനസിനെ അവർ വളർത്തിയത്.

മെൻസ്ട്രുവൽ കപ്പുകളിലൂടെ ഉപഭോക്താക്കളിൽ നിന്നു നേടിയെടുത്ത വിശ്വാസം, ബോഡി വാഷ് ഉൾപ്പെടെയുള്ള ഹൈ-ഫങ്ഷണൽ വെൽനെസ് ഉൽപ്പന്നങ്ങളിലേക്ക് ഫെമിസേഫിനെ എത്തിച്ചു. മെറ്റ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഡിജിറ്റൽ പരസ്യങ്ങൾക്കും വിപണനത്തിനുമായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് നൗറീൻ ഓർമ്മിപ്പിച്ചു. ഉപഭോക്താക്കളെ ആകർഷിക്കാൻ വലിയ ചെലവ് വരുന്ന ഈ വിപണിയിൽ, തുടക്കത്തിലെ പ്രതിസന്ധികളെ മറികടന്ന് വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിംഗും കൃത്യമായ ബിസിനസ് തന്ത്രങ്ങളും ഉപയോഗിച്ച് ബ്രാൻഡിനെ വിജയകരമായി നയിക്കുകയാണ് ഇവർ.

Travel ⏭️

Back to top button