ഇഷാൻ കിഷൻ ടീമിലെത്തിയാൽ സഞ്ജുവും വൈഭവും പുറത്താകുമോ? നിലപാടറിയിച്ച് അശ്വിൻ

ഓക്ലൻഡ് ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഓപ്പണിങ് സ്ഥാനത്തെത്തി കൗമാര താരം വൈഭവ് സൂര്യവംശി തകർപ്പൻ പ്രകടനത്തിലൂടെ തന്റെ മികവ് വീണ്ടും അടയാളപ്പെടുത്തി. തൊട്ടു മുൻപത്തെ മത്സരത്തിൽ മൂന്നാം നമ്പറിൽ ഇറങ്ങി നിരാശപ്പെടുത്തിയതോടെയാണ് വൈഭവിനെ ടീം മാനേജ്മെന്റ് വീണ്ടും ഓപ്പണറായി പരീക്ഷിച്ചത്. അഭിഷേക് ശർമയുമായി ചേർന്ന് പവർപ്ലേയിൽ റെക്കോർഡ് റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ, വരാനിരിക്കുന്ന നാലാം മത്സരത്തിൽ ഇഷാൻ കിഷൻ മടങ്ങിയെത്തിയാൽ പ്ലേയിങ് ഇലവനിൽ ആരെ നിലനിർത്തുമെന്ന വലിയ ആശയക്കുഴപ്പമാണ് ടീമിന് മുന്നിലുള്ളത്.
നാലാം മത്സരത്തിൽ ഇഷാൻ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ലെങ്കിലും, താരം ടീമിലെത്തിയാൽ വൈഭവിനെയോ സഞ്ജുവിനെയോ ഒഴിവാക്കേണ്ടി വരുമെന്നത് ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും പരിശീലകൻ ഗൗതം ഗംഭീറിനെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇതേസമയം, ടീം മാനേജ്മെന്റിന്റെ ഈ തന്ത്രത്തെയും ബാറ്റിങ് ഓർഡറിലെ മാറ്റങ്ങളെയും പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ രംഗത്തെത്തി. ഇഷാന്റെ അസാന്നിധ്യത്തിൽ വൈഭവിനെ ഓപ്പണറാക്കാനും സഞ്ജുവിനെ മൂന്നാമനായി ഇറക്കാനുമുള്ള ടീമിന്റെ തീരുമാനത്തെ അശ്വിൻ തുറന്ന് പ്രശംസിച്ചു.




