BUSINESS

ട്രംപിന്റെ തീരുവയെ അതിജീവിച്ച് കേരളത്തിലെ യുവ സംരംഭകർ; മാതൃകയായത് എങ്ങനെ?

ആഗോള വിപണിയിലെ കാറ്റും കോളുകളും തീരുവകളിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളും കേരളത്തിന്റെ കയർ, സമുദ്രോൽപന്ന വ്യാപാരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, അതിനെ മറികടക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്നും ഫൈബർ വേൾഡ് സിഇഒ നീന റോബിയും കിങ്സ് മറൈൻ പ്രോഡക്ട്സ് വൈസ് പ്രസിഡന്റ് ജോർഡൻ വർഗീസും വിശദീകരിക്കുന്നു.

∙കയർ വ്യവസായം: പ്രതിസന്ധികൾക്കിടയിലെ അവസരം

രാജ്യാന്തര തലത്തിൽ കയർ വ്യവസായം കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്ന് നീന റോബി അഭിപ്രായപ്പെടുന്നു. അമേരിക്കൻ വിപണിയെ അമിതമായി ആശ്രയിച്ചത് കമ്പനികൾക്ക് വലിയ തിരിച്ചടിയായി. കോവിഡിന് മുൻപ് അമേരിക്കയിലേക്കുള്ള കയറ്റുമതി 30-35 ശതമാനം മാത്രമായിരുന്നെങ്കിൽ, കഴിഞ്ഞ കാലയളവിൽ അത് 60 ശതമാനത്തിലേക്ക് കുതിച്ചു. ട്രംപ് ഭരണകൂടത്തിന്റെ തീരുവ നയങ്ങൾ പല ഓർഡറുകളും റദ്ദാക്കുന്നതിലേക്കും ഫാക്ടറികൾ താൽക്കാലികമായി പൂട്ടുന്നതിലേക്കും നയിച്ചു. എന്നാൽ, ഈ പ്രതിസന്ധിയെ അതിജീവിക്കാൻ കയറ്റുമതി വിപണികൾ വൈവിധ്യവൽക്കരിക്കാനാണ് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ യുഎസ് വിപണിയെ മാത്രം ആശ്രയിക്കുന്നത് 10-11 ശതമാനത്തോളം കുറയ്ക്കാൻ സാധിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ വിപണി സ്ഥിരത ഉറപ്പാക്കാൻ കയറ്റുമതിയുടെ തോത് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ചൈനീസ് നിർമിത കൃത്രിമ ഉൽപന്നങ്ങളോട് വിലക്കുറവിൽ മത്സരിക്കുന്നതിനേക്കാൾ, കയർ ഉൽപന്നങ്ങളെ പ്രീമിയം നിലവാരമുള്ള പരിസ്ഥിതി സൗഹൃദ വസ്തുവായി അവതരിപ്പിക്കുന്ന തന്ത്രമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. കൂടാതെ, പരമ്പരാഗത പിവിസി ബാക്കിങ്ങിന് പകരം ലാറ്റക്സ് അധിഷ്ഠിത ഉൽപാദന രീതിയിലേക്ക് വ്യവസായം മാറിക്കൊണ്ടിരിക്കുകയാണെന്നും നീന വ്യക്തമാക്കി.

∙സമുദ്രോൽപന്ന മേഖല: മൂല്യവർധനവിന്റെ കാലം

സമുദ്രോൽപന്ന മേഖലയും സമാനമായ തീരുവ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് ജോർഡൻ വർഗീസ് ചൂണ്ടിക്കാട്ടുന്നു. ആന്ധ്രപ്രദേശിൽ നിന്നുള്ള കടുത്ത മത്സരം കേരളത്തിലെ കയറ്റുമതിക്കാർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനെ നേരിടാനുള്ള ഏറ്റവും മികച്ച മാർഗം ഉൽപന്നങ്ങളുടെ മൂല്യവർധനവാണ്. ഉദാഹരണത്തിന്, ഒരു കിലോ അസംസ്കൃത ട്യൂണയ്ക്ക് 1.75 ഡോളർ ലഭിക്കുമ്പോൾ, അതിനെ സാഷിമി-ഗ്രേഡ് ലോയിനുകളാക്കി മാറ്റുമ്പോൾ വിലയിൽ 15 മടങ്ങ് വർധനവ് ഉറപ്പാക്കാനാകും. നിലവിൽ 80 ശതമാനം ഉൽപാദനവും ബ്ലോക്ക് ഫ്രീസറുകളെയാണ് ആശ്രയിക്കുന്നത്; എന്നാൽ ഫ്രീസ് ഡ്രൈയിങ് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ പൂർണമായി ഉപയോഗപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വരുന്ന ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ കയറ്റുമതിക്ക് പുതിയ വാതിലുകൾ തുറന്നുതരും. അന്താരാഷ്ട്ര വിപണിയിൽ നിലയുറപ്പിക്കാൻ ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ നിരോധിത രാസവസ്തുക്കളുടെ പരിശോധനയും ഫാക്ടറി ഓഡിറ്റുകളും സർട്ടിഫിക്കേഷനുകളും നിർബന്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

∙പുതിയ സംരംഭകർക്കായി

സമുദ്രോൽപന്ന കയറ്റുമതി മേഖലയിൽ പുതിയ സംരംഭകർക്ക് ഏറെ സാധ്യതകളുണ്ടെന്ന് ജോർഡൻ പറയുന്നു. തുടക്കത്തിൽ തന്നെ സ്വന്തമായി ഫാക്ടറി സ്ഥാപിക്കാതെ, മെർച്ചന്റ് എക്സ്പോർട്ടർ എന്ന നിലയിൽ ഈ മേഖലയിലേക്ക് കടന്നുവരുന്നതാണ് കൂടുതൽ ഉചിതമെന്നും അദ്ദേഹം നിർദേശിക്കുന്നു.

Travel ⏭️

Back to top button