വർഷം മുഴുവൻ വിളവെടുക്കാം: വീട്ടുമുറ്റത്ത് വളർത്താവുന്ന ഈ ചെടി കൊണ്ട് രുചികരമായ തോരൻ തയ്യാറാക്കാം

പ്രതീകാത്മക ചിത്രം
ഏറെ പോഷകഗുണങ്ങൾ അടങ്ങിയതും ആരോഗ്യസംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ ഒരു പച്ചക്കറിയാണ് നിത്യവഴുതന. വഴുതന എന്ന് പേരിൽ ഉണ്ടെങ്കിലും ഇതൊരു വള്ളിച്ചെടിയാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, ഇരുമ്പ്, നാരുകൾ തുടങ്ങി നിരവധി ഘടകങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. കുറഞ്ഞ പരിചരണം നൽകിയാൽ മതിയാകും, വർഷം മുഴുവൻ വിളവ് തരുമെന്നതാണ് ഇതിനെ കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് ഏറെ പ്രിയങ്കരമാക്കുന്നത്.
കലോറിയുടെ അളവ് വളരെ കുറവും നാരുകൾ ധാരാളമായി അടങ്ങിയതുമായ ഈ പച്ചക്കറി, തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു വിഭവമാണ്. നിത്യവഴുതന ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു തോരൻ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
നിത്യ വഴുതനങ്ങ – 300 ഗ്രാം
ചെറിയ ഉള്ളി അഥവാ സവാള – 2 എണ്ണം (പൊടിയായി അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം
തേങ്ങ ചിരകിയത് – 1 കപ്പ് (പാകത്തിന്)
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – 3 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം നിത്യവഴുതന വൃത്തിയായി കഴുകിയ ശേഷം നീളത്തിൽ നേർത്ത കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി ഒന്ന് വാടി നിറം മാറാൻ തുടങ്ങുമ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന നിത്യവഴുതനയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.
തീ തീരെ കുറച്ചു വെച്ച്, ചീനച്ചട്ടി അടച്ചുവെച്ച് ഒരു 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുക. വെള്ളം ഒട്ടും ചേർക്കാൻ പാടില്ല. ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. കഷ്ണങ്ങൾ പാകത്തിന് വെന്തു വരുമ്പോൾ ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ അണയ്ക്കാവുന്നതാണ്.




