CINEMA

‘ഹനുമാൻ ചാലിസ ചൊല്ലാൻ തുടങ്ങിയതും കൂരിരുട്ടിൽ കൊടുങ്കാട്ടിൽ നിന്നത് പ്രത്യക്ഷപ്പെട്ടു’; അനുഭവം വെളിപ്പെടുത്തി സായ് പല്ലവി


സായ് പല്ലവി

മുംബയ്: താൻ ദിവസവും കുറഞ്ഞത് ഒരുനേരമെങ്കിലും മുടങ്ങാതെ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് നടി സായ് പല്ലവി. ഹനുമാൻ ചാലിസ പഠിക്കാനിടയായ സംഭവത്തെക്കുറിച്ചും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

കുറച്ച് വർഷങ്ങൾക്കുമുൻപ് ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലുള്ള കസോൾ എന്ന ഗ്രാമം സഹോദരി പൂജാ കണ്ണനും സുഹൃത്തിനുമൊപ്പം സന്ദർശിച്ചിരുന്നു. കൂട്ടത്തിൽ പാർവതി താഴ്‌വരയും സന്ദ‌ർശിച്ചു.

പാർവതി നദിയിൽ കുളിക്കുന്നതിനിടെ പാർവതി ദേവിയുടെ ആഭരണങ്ങളിലൊന്ന് നഷ്ടപ്പെട്ടുവെന്നാണ് വിശ്വാസം. ഇതിൽ കോപിഷ്‌ഠനായ ശിവഭഗവാൻ മൂന്നാം കണ്ണ് തുറന്നു. പിന്നാലെ സർപ്പഭഗവാനായ ശേഷൻ ചീറ്റിയതോടെ ഭൂമിയിൽ നിന്ന് തിളച്ച വെള്ളം പുറത്തേയ്ക്ക് വരികയും ഇതിനൊപ്പം നഷ്ടമായ ആഭരണം തിരികെ ഒഴുകിയെത്തിയെന്നുമാണ് വിശ്വാസം. പരമശിവൻ ഈ താഴ്വരയിൽ ആയിരക്കണക്കിന് വർഷങ്ങൾ ധ്യാനമിരിക്കുകയും അവിടെത്തന്നെ തപസനുഷ്ഠിച്ച തന്റെ പത്നിയായ പാർവ്വതിയുടെ പേര് ഈ സ്ഥലത്തിന് നൽകുകയും ചെയ്തുവെന്നാണ് മറ്റൊരു വിശ്വാസം.

താഴ്‌വരയിൽ നിന്ന് അവസാന ബസ് അഞ്ച് മണിക്കാണെന്നറിയാതെ സായ് പല്ലവിയും സഹോദരിയും സുഹൃത്തും പ്രദേശത്ത് ചുറ്റിക്കറങ്ങാനിറങ്ങി. ‘തിരികെ വന്നപ്പോഴേക്കും അവസാന ബസ് പോയിരുന്നു. അതോടെ തിരികെ മുഴുവനും നടക്കേണ്ടതായി വന്നു. ചന്ദ്രന്റെ വെളിച്ചം മാത്രമാണുണ്ടായിരുന്നത്. ഇടതുവശത്ത് കനത്ത കാടായിരുന്നു. കനത്ത ഇരുട്ടിൽ പെട്ടെന്നൊരു നായ്‌ക്കുട്ടി ഞങ്ങളുടെ അരികിലേയ്ക്ക് വന്നു. യാത്ര അവസാനിക്കുന്നതുവരെയും നായ്‌ക്കുട്ടി കൂടെ വന്നു. സഹോദരിക്ക് ഹനുമാൻ ചാലിസ അറിയാമായിരുന്നു. പൂജയത് ചൊല്ലാൻ തുടങ്ങി. അപ്പോഴാണ് എന്തുകൊണ്ടാണ് ഞാനത് പഠിച്ചില്ലെന്ന് ജീവിതത്തിലാദ്യമായി ചിന്തിക്കുന്നത്.

പൂജ ഹനുമാൻ ചാലിസ ചൊല്ലാൻ തുടങ്ങിയതും നായ്‌‌ക്കുട്ടി എവിടെനിന്നെന്നറിയാതെ പ്രത്യക്ഷപ്പെടുകയായിരുന്നു. നിറയെ കടകളും വെളിച്ചവുമുള്ള സ്ഥലത്തേയ്ക്ക് ഞങ്ങളെ നയിച്ചു. ഞങ്ങൾ കടകളുടെ സമീപമെത്തിയപ്പോൾ നായ്‌‌ക്കുട്ടി തിരികെ പോയി. ദൈവം ഒരു ചെറിയ നായ്‌‌ക്കുട്ടിയുടെ രൂപത്തിൽ ഞങ്ങളോടൊപ്പം നടന്നതായാണ് ഞാൻ വിശ്വസിക്കുന്നത്. അന്നുമുതൽ ഞാൻ ഹനുമാൻ ചാലിസ ചൊല്ലാൻ തുടങ്ങി. ധൈര്യമായി ഇരിക്കാൻ വേണ്ടി ഞാൻ എല്ലാ ദിവസവും ഒരു തവണയെങ്കിലും അത് ചൊല്ലും’- എന്നായിരുന്നു സായ് പല്ലവി വെളിപ്പെടുത്തിയത്.

സായ് പല്ലവി സീതയായി വേഷമിടുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ നവംബർ അഞ്ചിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമാണ് ‘രാമായണ’. ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യഷും ആണ് എത്തുന്നത്.

English Summary

Actress Sai Pallavi revealed that she recites the Hanuman Chalisa at least once daily for courage. She began learning it after a nighttime trek in Himachal Pradesh, when a puppy reportedly guided her and her sister to a well-lit area after they missed the last bus. Sai Pallavi will portray Sita in the upcoming film Ramayana, alongside Ranbir Kapoor and Yash.
RELATED TOPICS: SAI PALLAVI HANUMAN CHALISA, SAI PALLAVI RAMAYANA MOVIE, SAI PALLAVI HANUMAN CHALISA STORY, സായ് പല്ലവി ഹനുമാൻ ചാലിസ, SAI PALLAVI


Business ⏭️

Back to top button