പൊതുമേഖലാ ബാങ്കുകളുടെ കുതിപ്പ്: സ്വകാര്യ ബാങ്കുകളെ പിന്നിലാക്കിയ നിർണായക തീരുമാനം ഇങ്ങനെ

പലിശ വരുമാനത്തിലെ വളർച്ച നേട്ടമാക്കി പൊതുമേഖലാ ബാങ്കുകൾ: രണ്ടാം പാദത്തിൽ മികച്ച പ്രകടനം
കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പലിശ മാർജിനിൽ ഉണ്ടായ ശ്രദ്ധേയമായ മുന്നേറ്റം പൊതുമേഖലാ ബാങ്കുകൾക്ക് കരുത്തായി. നിക്ഷേപങ്ങൾക്ക് നൽകേണ്ടി വന്ന പലിശച്ചെലവുകൾ സ്വകാര്യ ബാങ്കുകൾക്ക് വലിയ തിരിച്ചടിയായപ്പോൾ, വായ്പകളിൽ നിന്ന് ലഭിച്ച പലിശ വരുമാനത്തിലെ വർദ്ധനവ് പൊതുമേഖലാ ബാങ്കുകളെ തുണച്ചു. നിക്ഷേപങ്ങൾക്കുള്ള പലിശയേക്കാൾ വേഗത്തിൽ വായ്പാ വരുമാനം വർദ്ധിപ്പിക്കാൻ സാധിച്ചത് ഇവരുടെ ലാഭം ഉയർത്തി. കെയർ എഡ്ജ് റേറ്റിംഗ്സിന്റെ റിപ്പോർട്ട് പ്രകാരം, സെപ്തംബർ പാദത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ശരാശരി അറ്റ പലിശ മാർജിൻ (എൻ.ഐ.എം) 2.58 ശതമാനമായി മെച്ചപ്പെട്ടു.
മറുവശത്ത്, സ്വകാര്യ ബാങ്കുകളുടെ ശരാശരി മാർജിനിൽ 0.08 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി, ഇത് 3.29 ശതമാനമായി താഴ്ന്നു. ഈ കാലയളവിൽ യൂണിയൻ ബാങ്കിന്റെ എൻ.ഐ.എം 2.86 ശതമാനവും സെൻട്രൽ ബാങ്കിന്റേത് 3.01 ശതമാനവുമായി ഉയർന്നു. കനറാ ബാങ്കിന്റെ മാർജിൻ 2.55 ശതമാനമാണ്. അറ്റാദായത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്ക് 56 ശതമാനവും, ബാങ്ക് ഒഫ് മഹാരാഷ്ട്ര 41.5 ശതമാനവും, യൂണിയൻ ബാങ്ക് 30.3 ശതമാനവും വളർച്ചയാണ് കൈവരിച്ചത്.
ബാങ്ക്: രണ്ടാം പാദത്തിലെ അറ്റാദായം : വളർച്ചാ നിരക്ക്
യൂണിയൻ ബാങ്ക് : 5,537 കോടി രൂപ : 30.3 ശതമാനം
പഞ്ചാബ് നാഷണൽ ബാങ്ക്: 5,532 കോടി രൂപ : 12.8 ശതമാനം
കനറാ ബാങ്ക് : 5,175 കോടി രൂപ : 8.4 ശതമാനം
ഇന്ത്യൻ ബാങ്ക് : 3,462 കോടി രൂപ : 14.7 ശതമാനം
ബാങ്ക് ഒഫ് മഹാരാഷ്ട്ര: 2,310 കോടി രൂപ : 41.5 ശതമാനം
ഇന്ത്യൻ ഓവർസീസ് ബാങ്ക്: 1,912 കോടി രൂപ : 56.0 ശതമാനം
സെൻട്രൽ ബാങ്ക് : 1,469 കോടി രൂപ : 21.1 ശതമാനം
കിട്ടാക്കടത്തിൽ കുറവ്
കിട്ടാക്കടം അഥവാ എൻ.പി.എ കുറയ്ക്കുന്നതിലും ബാങ്കുകൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൊത്തം കിട്ടാക്കടം ഒരു വർഷം കൊണ്ട് 3.45 ശതമാനത്തിൽ നിന്നും 2.55 ശതമാനമായി കുറഞ്ഞു. ഇന്ത്യൻ ഓവർസീസ് ബാങ്ക് തങ്ങളുടെ കിട്ടാക്കടം 1.83 ശതമാനത്തിൽ നിന്ന് 1.19 ശതമാനത്തിലേക്കും, ബാങ്ക് ഒഫ് മഹാരാഷ്ട്ര 1.72 ശതമാനത്തിൽ നിന്നും 1.25 ശതമാനത്തിലേക്കും വിജയകരമായി താഴ്ത്തി.




