NEWS

ചേരാനല്ലൂർ അപകടം: മകനെ രക്ഷിക്കാൻ ജഡ്ജിയുടെ ഇടപെടൽ; ഒടുവിൽ കസേര തെറിച്ച് കമ്മിഷണർക്ക്

കൊച്ചി ∙ ചേരാനല്ലൂർ വാഹനാപകടക്കേസിലെ പ്രതിയായ അഡിഷനൽ ജഡ്ജിയുമായി അപകടം നടന്ന ദിവസം സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ ഫോണിലൂടെ ബന്ധപ്പെട്ടതാണ് അദ്ദേഹത്തിനെതിരായ അടിയന്തര നടപടിക്ക് വഴിയൊരുക്കിയത്. അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പിതാവായ ജഡ്ജിയുമായി കമ്മിഷണർ സംസാരിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും, ഇത് സേനയുടെ വിശ്വാസ്യതയെ ബാധിക്കുകയും സ്വാധീനത്തിന് വഴങ്ങിയെന്ന ആക്ഷേപത്തിന് ഇടയാക്കുകയും ചെയ്യുമെന്നും ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് ലഭിച്ചിരുന്നു.

ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടുകൾക്ക് പുറമേ, സംഭവസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയ എഡിജിപി പി. വിജയനും ഇക്കാര്യം മന്ത്രിയെ ധരിപ്പിച്ചിരുന്നു. സർക്കാരിനും പൊലീസ് വകുപ്പിനും വലിയ കളങ്കമുണ്ടാക്കിയ സംഭവത്തിൽ കടുത്ത അതൃപ്തിയാണ് മന്ത്രി രേഖപ്പെടുത്തിയത്. നടപടികൾ സ്റ്റേഷനിലെ സാധാരണ ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങിനിൽക്കാൻ പാടില്ലെന്നും, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നുമാണ് മന്ത്രി നിർദ്ദേശിച്ചത്.

Fashion ⏭️

Back to top button