ഇന്ത്യയും അഫ്ഗാനും കൈവിട്ടു; പാക്കിസ്ഥാന്റെ കച്ചവടമോഹങ്ങൾ തകർന്നു, ഇനി ചൈനയിൽ മാത്രം പ്രതീക്ഷ

പാക്കിസ്ഥാന് ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും, ആ സാധ്യതകളെ ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനോട് മുഖംതിരിച്ചു നിൽക്കുകയാണ്. ശ്രീലങ്കയിലും ബംഗ്ലാദേശിലും സ്വാധീനം ചെലുത്താൻ പാക്കിസ്ഥാൻ പാടുപെടുന്നു. നിലവിൽ ചൈന മാത്രമാണ് പാക്കിസ്ഥാന്റെ ഏക ആശ്രയം, എന്നാൽ ആ ബന്ധവും ഇപ്പോൾ വലിയ പ്രതിസന്ധികളിലേക്കാണ് നീങ്ങുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പാക്കിസ്ഥാന്റെ സാമ്പത്തിക കണക്കുകൂട്ടലുകൾ പാടെ തകിടം മറിഞ്ഞു, ഉഭയകക്ഷി വ്യാപാരത്തിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്.
ദക്ഷിണേഷ്യയിലെയും സമീപ പ്രദേശങ്ങളിലെയും ഒൻപത് രാജ്യങ്ങളുമായി 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ പാക്കിസ്ഥാന്റെ വ്യാപാരക്കമ്മി 393 കോടി ഡോളറിൽ നിന്ന് 26.62 ശതമാനം വർധിച്ച് 497 കോടി ഡോളറായി ഉയർന്നുവെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കയറ്റുമതി വരുമാനത്തെ അപേക്ഷിച്ച് ഇറക്കുമതി ചെലവ് കുതിച്ചുയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉയർത്തുന്നത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞതാണ് പാക്കിസ്ഥാന്റെ തിരിച്ചടിക്ക് പ്രധാന കാരണം. ഭീകരവാദ ആരോപണങ്ങളെത്തുടർന്നുണ്ടായ അതിർത്തി തർക്കങ്ങളെ തുടർന്ന് 2025 ഒക്ടോബർ 10 മുതൽ അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ, ഇറാൻ, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് എന്നീ ഒൻപത് രാജ്യങ്ങളിലേക്കുള്ള പാക്കിസ്ഥാന്റെ മൊത്തം കയറ്റുമതി ജൂലൈ-സെപ്റ്റംബർ കാലയളവിൽ 6.72 ശതമാനം ഇടിഞ്ഞ് 944.24 മില്യൻ ഡോളറായി ചുരുങ്ങി. അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 19.79 ശതമാനം വർധിച്ച് 592 കോടി ഡോളറിലെത്തിയത് വ്യാപാരക്കമ്മി ഇത്രയധികം ഉയരാൻ കാരണമായി.
ചൈനയിലേക്കുള്ള കയറ്റുമതിയിൽ 17.95 ശതമാനം വർധനവുണ്ടായെങ്കിലും, അവിടുന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ അളവ് 19.76 ശതമാനമായി ഉയർന്നത് ചൈനയുമായുള്ള വ്യാപാരക്കമ്മിയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കി. ചുരുക്കത്തിൽ, ചൈനയുമായുള്ള വ്യാപാര പങ്കാളിത്തം പാക്കിസ്ഥാന്റെ സാമ്പത്തിക നിലയെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയുമായി നിലവിൽ നേരിട്ടുള്ള വ്യാപാരബന്ധങ്ങൾ പാക്കിസ്ഥാനില്ല. ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് ഒന്നും ഇറക്കുമതി ചെയ്യുന്നുമില്ല. എന്നിരുന്നാലും, മൂന്നാം കക്ഷി രാജ്യങ്ങൾ വഴി ഇന്ത്യയിൽ നിന്ന് 61.74 മില്യൻ ഡോളറിന്റെ ഉൽപന്നങ്ങൾ പാക്കിസ്ഥാൻ ഇറക്കുമതി ചെയ്തിട്ടുണ്ട്. മുൻവർഷം ഇതേ കാലയളവിൽ ഇത് 36.55 മില്യൻ ഡോളർ മാത്രമായിരുന്നു, അതായത് ഏകദേശം 68.90 ശതമാനത്തിന്റെ വർധനവ്. അതിർത്തികൾ അടഞ്ഞുകിടക്കുന്നതിനാൽ അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതിയിൽ 90 ശതമാനവും ഇറക്കുമതിയിൽ 95 ശതമാനവും ഇടിവുണ്ടായി. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതിയിൽ 3 ശതമാനവും ഇറക്കുമതിയിൽ 36.11 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.




