മൈസൂരു – പറവൂർ കെഎസ്ആർടിസി പ്രീമിയം ഫാസ്റ്റ് പാസഞ്ചർ: യാത്രക്കാരുടെ തിരക്കേറുന്നു

മൈസൂരു ∙ കേരള ആർടിസി മൈസൂരുവിൽ നിന്ന് എറണാകുളം പറവൂരിലേക്ക് പുതുതായി ആരംഭിച്ച രണ്ട് പ്രീമിയം ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ തൃശൂർ വരെ മാത്രം സർവീസ് നടത്തിയിരുന്ന ബസുകൾ ഇപ്പോൾ പറവൂരിലേക്ക് നീട്ടുകയായിരുന്നു. തൃശൂർ, എറണാകുളം ജില്ലകളിലെ തീരദേശ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന മൈസൂരുവിൽ നിന്നുള്ള ഒരേയൊരു കെഎസ്ആർടിസി സർവീസാണിത്.
ആദ്യ ബസ് പുലർച്ചെ 5.30-ന് മൈസൂരുവിൽ നിന്ന് സർവീസ് ആരംഭിച്ച് ഗൂഡല്ലൂർ, വഴിക്കടവ്, നിലമ്പൂർ, പെരിന്തൽമണ്ണ, പട്ടാമ്പി, കുന്നംകുളം, തൃശൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ വഴി വൈകിട്ട് 3.35-ഓടെ പറവൂരിലെത്തും. രണ്ടാമത്തെ ബസ് വൈകിട്ട് 6 മണിക്ക് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ സഞ്ചരിച്ച് പിറ്റേദിവസം പുലർച്ചെ 3.55-ന് പറവൂരിൽ എത്തിച്ചേരും. പറവൂരിൽ നിന്നുള്ള മടക്കയാത്രയിൽ ആദ്യ ബസ് രാവിലെ 5.15-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.40-നും, രണ്ടാമത്തെ ബസ് ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ട് രാത്രി 10.55-നും മൈസൂരുവിലെത്തും.
മൈസൂരുവിലെ വിവിധ ഐടി കമ്പനികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഈ കെഎസ്ആർടിസി സർവീസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം പാലക്കാട്ടേക്ക് തുടങ്ങിയ ഡീലക്സ് സർവീസ് മാനന്തവാടി, താമരശ്ശേരി, മുക്കം, മഞ്ചേരി, പെരിന്തൽമണ്ണ, മണ്ണാർക്കാട് വഴിയാണ് സർവീസ് നടത്തുന്നത്. കർണാടക ആർടിസിക്കാകട്ടെ മൈസൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് പ്രതിദിന ബസ് സർവീസുകളുള്ളത്.




