NEWS

കളമശേരിയിൽ മഞ്ഞപ്പിത്ത ഭീതി; പാലക്കാടൻ മസാലസോഡ കടയിൽ ആരോഗ്യവകുപ്പിന്റെ റെയ്ഡ്

കളമശേരി നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം പരിശോധനകൾ ശക്തമാക്കി. എച്ച്എംടി റോഡ്, സീപോർട്ട് – എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന അനധികൃത ശീതളപാനീയ കടകൾ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. ഇവിടെനിന്ന് ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നടപ്പാതകൾ കയ്യേറി കച്ചവടം നടത്തുന്നവർക്കെതിരെയും, റോഡിലേക്ക് അപകടകരമായ രീതിയിൽ വെച്ചിരുന്ന പരസ്യബോർഡുകൾക്കെതിരെയും കർശന നടപടിയെടുത്തു. അതീവ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പല കടകളും പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും ഐസിന്റെയും നിലവാരം ഒട്ടും തൃപ്തികരമല്ലെന്നും നഗരസഭയുടെ യാതൊരുവിധ അനുമതിയും കൂടാതെയാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.

എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരങ്ങൾ കഴിക്കുന്ന കാര്യത്തിൽ ജാഗ്രത വേണം. പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് തടയുന്നതിനും, ഭക്ഷണശാലകളിലെ ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനുമായി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിൽ നിന്നുള്ള നിർദ്ദേശപ്രകാരം എറണാകുളം ജില്ലയിൽ ‘ഓപ്പറേഷൻ തെളിമ 2’ എന്ന പേരിലുള്ള പ്രത്യേക പരിശോധന നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വറുത്തെടുക്കുന്ന ലഘുഭക്ഷണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന കടകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ചേളിക്കവട്ടം, പൊന്നുരുന്നി, പാലാരിവട്ടം, കറുകപ്പിള്ളി, എറണാകുളം മാർക്കറ്റ്, പള്ളിമുക്ക്, ആലുവ എന്നീ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്.

Fashion ⏭️

Back to top button