തേനി ജയിലിൽ നിന്ന് ചാടിയ തടവുകാർ കുടുങ്ങി; മുൾപ്പടർപ്പിൽ ഒളിച്ചിരുന്നവരെ പൊക്കിയത് ഡ്രോൺ സഹായത്തോടെ

ചെന്നൈ ∙ തേനി ജയിലിൽനിന്ന് ചാടിപ്പോയ 17 തടവുകാരിൽ 13 പേരെയും ഒറ്റദിവസത്തിനുള്ളിൽ വലയിലാക്കാൻ പൊലീസിന് സാധിച്ചത് ഡ്രോണുകളുടെ സഹായത്തോടെയുള്ള കൃത്യമായ നിരീക്ഷണം കൊണ്ടാണ്. സമീപത്തുള്ള മലനിരകളിലെ ഇടതൂർന്ന കാട്ടിലായിരുന്നു പ്രതികൾ ഒളിച്ചിരുന്നത്. പൊലീസിന്റെ തിരച്ചിൽ അവസാനിച്ച ശേഷം സുരക്ഷിതമായി സ്ഥലംവിടാമെന്നായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, ഡ്രോൺ ഉപയോഗിച്ചുള്ള ആകാശനിരീക്ഷണം ഇവരുടെ തന്ത്രം പൊളിക്കുകയായിരുന്നു.
ബാക്കി നാലുപേരെ കൂടി പിടികൂടാനായി 25 പ്രത്യേക സംഘങ്ങളെയാണ് പൊലീസ് നിയോഗിച്ചിരിക്കുന്നത്. തടവുകാർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ അതിർത്തികളിലടക്കം വാഹന പരിശോധന അതീവ കർശനമാക്കി. തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്ക് സമീപം തേക്കംപട്ടിയിലാണ് ജില്ലാ ജയിൽ സ്ഥിതി ചെയ്യുന്നത്. നാല് ബ്ലോക്കുകളിലായി മുന്നൂറിലധികം തടവുകാരാണ് ഇവിടെ കഴിയുന്നത്. ഇതിൽ മൂന്ന് ഡോർമിറ്ററി ബ്ലോക്കുകളിൽ ഒന്നിൽനിന്നാണ് 17 പേർ രക്ഷപ്പെട്ടത്.
ഏകദേശം 18 അടി ഉയരമുള്ള കൂറ്റൻ ചുറ്റുമതിലുകളാണ് ജയിലിനുള്ളത്. ജയിലിന്റെ പ്രധാന കവാടത്തിലുള്ള വലിയ ഗേറ്റിനോട് ചേർന്ന് ആളുകൾക്ക് അകത്തേക്കും പുറത്തേക്കും കടക്കാൻ എട്ട് അടി ഉയരമുള്ള ചെറിയൊരു ഗേറ്റുമുണ്ട്. ബ്ലോക്കുകളിൽ നിന്ന് പുറത്തെത്തണമെങ്കിൽ മൂന്ന് ഗേറ്റുകൾ കടക്കണം. ഈ മൂന്ന് കവാടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവൽ എപ്പോഴും ഉണ്ടാകാറുണ്ട്.




