ഇസ്രയേലിൽ ഇഞ്ചോടിഞ്ച് പോരാട്ടം: നെതന്യാഹുവിന്റെ ഭാവി അനിശ്ചിതത്വത്തിൽ, ഭരണതുടർച്ചയ്ക്ക് തിരിച്ചടി?

ജറുസലം ∙ 74 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകളാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. നിലവിലെ ഭരണകക്ഷിയായ ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിനോ, മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനോ അധികാരം ഉറപ്പിക്കാനുള്ള സീറ്റുകൾ ലഭിക്കില്ലെന്നാണ് പ്രവചനം. 120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകൾ അനിവാര്യമാണ്.
പ്രമുഖ മാധ്യമങ്ങളായ ചാനൽ 12, കാൻ 11, ചാനൽ 13 എന്നിവയുടെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം, ഗാദി ഐസൻകോട്ടിന്റെ പ്രതിപക്ഷ നിര 52 മുതൽ 53 വരെ സീറ്റുകൾ നേടുമെന്നാണ് കരുതപ്പെടുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 50 സീറ്റുകൾ വരെയാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. ഈ സാഹചര്യത്തിൽ 17 മുതൽ 18 സീറ്റുകൾ വരെ നേടാൻ സാധ്യതയുള്ള അറബ് പാർട്ടികൾ രാഷ്ട്രീയമായി നിർണായക ശക്തിയായി മാറിയേക്കും.
വ്യക്തിഗത കണക്കുകൾ പരിശോധിക്കുമ്പോൾ, 24 സീറ്റുകളുമായി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുമെന്നാണ് പ്രവചനം. ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടിക്ക് 22 സീറ്റുകളും, നഫ്താലി ബെന്നറ്റിന്റെ ബിയഹാദ് പാർട്ടിക്ക് 12 സീറ്റുകൾ വരെയും ലഭിക്കാമെന്നും എക്സിറ്റ് പോൾ സർവേകൾ വ്യക്തമാക്കുന്നു.




