NEWS

ജയിൽ ചാടിയ കൊലക്കേസ് പ്രതികളെ ഡ്രോൺ വഴി കണ്ടെത്തി; തമിഴ്‌നാട്ടിൽ 13 പേരെ പിടികൂടി പൊലീസ്

ചെന്നൈ ∙ തേനി ജില്ലയിലെ തേക്കംപട്ടി ജയിലിൽ നിന്ന് ചാടിപ്പോയ 17 വിചാരണത്തടവുകാരിൽ 13 പേരെയും ഒരു പകൽ പിന്നിടും മുൻപേ പൊലീസ് വലയിലാക്കി. ഇവരില്‍ എട്ടുപേരെ ഡ്രോൺ ക്യാമറകളുടെ സഹായത്തോടെയുള്ള പരിശോധനയിലൂടെയാണ് പിടികൂടിയത്. തിരച്ചിൽ ശക്തമാക്കിയതോടെ മധുര സ്വദേശിയായ പ്രവീൺ എന്ന തടവുകാരൻ സ്വയം ജയിലിലേക്ക് തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും പൊലീസ് അടച്ചതും, പിടിയിലായാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന ഭയവുമാണ് പ്രവീണിനെ ഇതിന് പ്രേരിപ്പിച്ചത്. എന്നാൽ, പ്രവീണിനെ തങ്ങൾ പിടികൂടുകയായിരുന്നുവെന്നാണ് പൊലീസിന്റെ ഔദ്യോഗിക ഭാഷ്യം.

റോഡിലൂടെ നടന്നുപോവുകയായിരുന്ന രാജാ സിക്കന്ദർ, രാജ് കുമാർ, സിലമ്പരശൻ എന്നിവരെയും പൊലീസ് പിടികൂടി. ഇതിനുപുറമെ, മറ്റൊരു തടവുകാരനെ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. തേനി നഗരത്തിന് സമീപമുള്ള വനമേഖലയിൽ ഒളിച്ചിരുന്ന എട്ടുപേരെയാണ് ഡ്രോണുകളുടെ സഹായത്തോടെ കണ്ടെത്തിയത്. മുന്നൂറിലധികം വരുന്ന വൻ പൊലീസ് സന്നാഹമാണ് ഈ മേഖലയിൽ പരിശോധനയ്ക്കായി നിലയുറപ്പിച്ചിരുന്നത്.

Fashion ⏭️

Back to top button