NEWS

ആകാശയാത്ര ഇനി സാധാരണക്കാരനും; കൊച്ചി ആസ്ഥാനമായി പുതിയ വിമാനക്കമ്പനി ‘കോ-കേരള’ വരുന്നു, ടിക്കറ്റ് നിരക്ക് 3,500 രൂപ മുതൽ

കോഴിക്കോട് ∙ കേരളത്തിന്റെ സഹകരണ മേഖലയിൽ ചരിത്രപരമായ ചുവടുവെപ്പുമായി, സാധാരണക്കാർക്ക് മിതമായ നിരക്കിൽ വിമാനയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ‘കോ-കേരള’ വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി കമ്പനിയുടെ റജിസ്ട്രേഷൻ രേഖകളും ബൈലോയും ബുധനാഴ്ച സഹകരണ മന്ത്രി എം. ലിജുവിന് സമർപ്പിക്കുമെന്ന്, പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന പ്രമുഖ സഹകാരിയും എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തി.

കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ വേളയിൽ, സഹകരണ മേഖലയിൽ സാധാരണക്കാരുടെ നിക്ഷേപങ്ങൾ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ഈ രംഗത്ത് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന പ്രഖ്യാപനവും സഹകാരികൾക്ക് വലിയൊരു ആശ്വാസമാണ്. സഹകരണ മേഖലയിൽ വിമാനക്കമ്പനി ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ അനുമതികളും സർക്കാർ നൽകിക്കഴിഞ്ഞതായി വ്യക്തമാക്കിയ മുഖ്യമന്ത്രി, ഈ തീരുമാനത്തിലൂടെ സഹകരണ മേഖലയ്ക്ക് പുതിയൊരു ദിശാബോധമാണ് ലഭിച്ചിരിക്കുന്നതെന്നും പറഞ്ഞു.

ഈ പദ്ധതിയുടെ വരുംഘട്ട പ്രവർത്തനങ്ങളിൽ തനിക്ക് പൂർണ്ണമായ ശുഭാപ്തി വിശ്വാസമുണ്ടെന്നും, സഹകരണ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന മുഴുവൻ പേരുടെയും അകമഴിഞ്ഞ പിന്തുണയും സഹകരണവും ഈ ഉദ്യമത്തിന് ഉണ്ടാവണമെന്നും സി.എൻ. വിജയകൃഷ്ണൻ അഭ്യർത്ഥിച്ചു.

Fashion ⏭️

Back to top button