മദ്യശേഖരം പിടിച്ച സംഭവം: ആന്റോ അഗസ്റ്റിന്റെ ഭാര്യവീട്ടിൽ എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനയും മൊഴിയെടുപ്പും

ബത്തേരി ∙ വയനാട് വാഴവറ്റയിലെ വസതിയിൽ നിന്നും മദ്യശേഖരം പിടികൂടിയ സംഭവത്തിൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാവീട്ടിലെത്തി എക്‌സൈസ് ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ ശ്രമിച്ചു. വാഴവറ്റയിലെ വീട്ടിൽ കണ്ടെത്തിയ വ്യാജമദ്യത്തിന് താനല്ല ഉത്തരവാദിയെന്നും, വീട് തന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ ഉടമസ്ഥതയിലാണെന്നുമുള്ള ആന്റോയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ബത്തേരി കോളിയാടിയിലുള്ള ഇവരുടെ വീട്ടിലെത്തിയത്.
നേരത്തെ ലില്ലി ജോസ് സ്ഥലത്തില്ലാത്ത സാഹചര്യത്തിലായിരുന്നു മൊഴിയെടുപ്പ് നീണ്ടുപോയത്. ഈ കേസിൽ ലില്ലി ജോസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കൽപറ്റ സെഷൻസ് കോടതി തള്ളിക്കളഞ്ഞിരുന്നു. നിയമനടപടികളുടെ ഭാഗമായി വീടിന്റെ കൈവശാവകാശം മറ്റൊരാളിലേക്ക് മാറിയെന്ന വാദമാണ് ആന്റോ കോടതിയിൽ ഉന്നയിച്ചത്. വീട് ലില്ലി എന്ന വ്യക്തിയുടെ പേരിലാണെന്ന് നേരത്തെ അദ്ദേഹം വാദിച്ചിരുന്നെങ്കിലും, ഈ വാദം വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ വിഭാഗം കോടതിയിൽ സമർപ്പിക്കുകയായിരുന്നു.



