NEWS
എസ്ഐആർ: സുപ്രീം കോടതിയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ സത്യവാങ്മൂലം; ഒടുവിൽ ഒറ്റക്കെട്ട്

ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്നതടക്കം ആരോപണങ്ങൾ തള്ളിയും വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കാനുള്ള ‘ഫോം 6’ ഭേദഗതി ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചും സുപ്രീം കോടതിയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ മറുപടി സത്യവാങ്മൂലം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റും നൽകിയ ഹർജി ഇന്നു പരിഗണിക്കാനിരിക്കെയാണ് നടപടികളെ കമ്മിഷൻ ന്യായീകരിക്കുന്നത്. ഹർജിയുടെ സാധുത ചോദ്യം ചെയ്തും തള്ളണമെന്ന് ആവശ്യപ്പെട്ടുമാണു കമ്മിഷന്റെ മറുപടി. 2 കമ്മിഷണർമാർ വിയോജിച്ചെങ്കിലും സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട 3 ഉത്തരവുകളിലെയും തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് കമ്മിഷൻ വ്യക്തമാക്കുന്നു. ആഭ്യന്തര ചർച്ചയുടെ ഭാഗമായ ചോദ്യങ്ങൾ, നിർദേശങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ രേഖപ്പെടുത്താറുണ്ട്. എന്നുകരുതി അവ കമ്മിഷന്റെ തീരുമാനങ്ങളാകില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, കമ്മിഷണർമാർ കൂട്ടായാണു തീരുമാനം എടുത്തതെന്നു വ്യക്തമാക്കുന്ന മിനിറ്റ്സോ മറ്റു രേഖകളോ 249 പേജുള്ള സത്യവാങ്മൂലത്തിന്റെ ഭാഗമാക്കിയിട്ടില്ല. ഇവയടക്കം ഹാജരാക്കാൻ നിർദേശിക്കണമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ ഹർജിയിലുള്ളത്. ∙ ‘സിഇസിയെ നീക്കാനാകില്ല’ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് വിലക്കണമെന്ന ഹർജിക്കാരുടെ ആവശ്യം നിയമപരമല്ലെന്നും നിലനിൽക്കില്ലെന്നുമാണു കമ്മിഷൻ അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാരുടേതിനു സമാനമായി, പാർലമെന്റിലെ കുറ്റവിചാരണാ നടപടിയിലൂടെ മാത്രമേ സിഇസിയെ നീക്കം ചെയ്യാനാകൂ. വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള ആരോപണങ്ങളും ഹർജികളും സുപ്രീം കോടതി നേരത്തേ തീർപ്പാക്കിയ വിഷയങ്ങളാണെന്നും മറുപടിയിലുണ്ട്.
Fashion ⏭️




