‘സ്ത്രീകൾ ഒരുമിച്ച് കൂടിയാൽ അടിയാണെന്ന് പറയുന്നതൊക്കെ പഴഞ്ചൻ ചിന്താഗതി, പുരുഷന്മാരാണ് കൂടുതൽ അരക്ഷിതർ’, രാധിക ആപ്തെ

രാധിക ആപ്തെ
സിനിമാ സെറ്റുകളിൽ വനിതാ താരങ്ങൾ തമ്മിൽ തർക്കങ്ങളും അസ്വാരസ്യങ്ങളും പതിവാണെന്ന ധാരണകളെ വിമർശിച്ച് ബോളിവുഡ് താരം രാധിക ആപ്തെ. സ്ത്രീകൾ ഒരുമിച്ചാൽ ഏറ്റുമുട്ടുമെന്നൊക്കെ പറയുന്നത് പഴഞ്ചൻ ചിന്താഗതിയാണെന്നും പുരുഷന്മാരിലാണ് ഇത്തരത്തിലുള്ള അരക്ഷിതബോധം കൂടുതൽ കാണുന്നതെന്നും താരം പറഞ്ഞു. സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം സ്ത്രീയോ പുരുഷനോ എന്നുള്ളതിനെ ആശ്രയിച്ചല്ല , വ്യക്തികളുടെ സ്വഭാവത്തെെയും പരസ്പര ബഹുമാനത്തെയും ആശ്രയിച്ചാണെന്നും രാധിക വ്യക്തമാക്കി. ഒരു സ്വകാര്യ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
രാധിക ആപ്തെയും കീർത്തി സുരേഷും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ വെബ് സീരീസായ ‘അക്ക’യിൽ ശക്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷം ചിത്രീകരിക്കുന്നുണ്ട്. ഇത് ഷൂട്ടിംഗിനിടയിൽ തർക്കങ്ങൾക്ക് കാരണമായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു രാധികയുടെ പ്രതികരണം. ‘സ്ത്രീകൾ തമ്മിൽ ഏറ്റുമുട്ടുക എന്ന് പറയുന്നത് വളരെ പഴഞ്ചനും കാലഹരണപ്പെട്ടുപോയ ചിന്തയാണ്. അത്തരമൊരു ചോദ്യം കേട്ടിട്ട് കുറേനാളായി. കാരണം, അങ്ങനെയൊരു ധാരണയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ല,’ -രാധിക പറഞ്ഞു.
‘സത്യസന്ധമായി പറഞ്ഞാൽ, പുരുഷന്മാരിലാണ് സ്ത്രീകളേക്കാൾ കൂടുതൽ അരക്ഷിതബോധം ഞാൻ കണ്ടിട്ടുള്ളത്. എന്നാൽ ഇത് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിഷയമല്ല. പരസ്പര സഹകരണവും വ്യക്തികൾ തമ്മിലുള്ള ബന്ധവുമാണ് പ്രധാനം. ചിലരുമായി നമുക്ക് നന്നായി ഒത്തുപോകാൻ കഴിയും. മറ്റുചിലരുമായി അതുണ്ടാകണമെന്നില്ല,’ താരം അഭിപ്രായപ്പെട്ടു.
‘അക്ക’യുടെ ചിത്രീകരണവേളയിലെ അനുഭവങ്ങളും രാധിക പങ്കുവച്ചു. സെറ്റിൽ നല്ല അന്തരീക്ഷമായിരുന്നുവെന്ന് താരം പറഞ്ഞു. സ്ത്രീയും പുരുഷനും എണ്ണത്തിൽ തുല്യമായി പ്രവർത്തിച്ചിരുന്ന ചിത്രീകരണ സംഘത്തിൽ വനിതാ താരങ്ങൾക്കൊപ്പം പിന്നണിയിലും നിരവധി സ്ത്രീകളുണ്ടായിരുന്നു. എല്ലാവരും പരസ്പരം പിന്തുണയ്ക്കുന്ന നല്ലൊരു അന്തരീക്ഷം സെറ്റിലുണ്ടായിരുന്നുവെന്നും ഇത് ജോലി കൂടുതൽ സുഖകരമാക്കിയെന്നും രാധിക വ്യക്തമാക്കി.
അതേസമയം, എല്ലാവരുമായും അടുത്ത സുഹൃദ്ബന്ധം പുലർത്തണമെന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി. ‘സ്ത്രീകളായാലും പുരുഷന്മാരായാലും എല്ലാവരും നമ്മുടെ ഉറ്റസുഹൃത്തുക്കളാകണമെന്നില്ല. വലിയ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ എല്ലാവരും പരസ്പരം മാന്യമായി പെരുമാറും. സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്,’ രാധിക കൂട്ടിച്ചേർത്തു. രാധിക ആപ്തെയും കീർത്തി സരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘അക്ക’ ഒക്ടോബർ 30ന് നെറ്റ്ഫ്ളിക്സിലൂടെയാണ് പുറത്തിറങ്ങുന്നത്.
Business ⏭️




