NEWS
എഐ ഉപയോഗിച്ച് സ്വന്തം മരണാനന്തരച്ചടങ്ങിന്റെ ചിത്രം സൃഷ്ടിച്ചു; കൊലക്കേസ് പ്രതി ഒളിച്ചുകഴിഞ്ഞത് ഒരു വർഷം: അറസ്റ്റ്

ലക്നൗ∙ കോടതി നടപടികളിൽനിന്ന് രക്ഷപ്പെടാനായി സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ ചിത്രങ്ങൾ വ്യാജമായി നിർമിച്ച് കോടതിയിൽ സമർപ്പിച്ച് കൊലക്കേസ് പ്രതി. ഉത്തർ പ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. രാജ് കുമാർ രാജ്ഭർ എന്നയാളാണ് എഐ ഉപയോഗിച്ച് സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ ചിത്രങ്ങൾ സൃഷ്ടിച്ചത്.2016ൽ യോഗേഷ് സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു രാജ് കുമാർ. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെ 2025ലാണ് വ്യാജ മരണാനന്തരച്ചടങ്ങിന്റെ ചിത്രങ്ങൾ നിർമിച്ചത്. ഇതിനായി ശ്മശാനത്തിൽ ചിതയിൽ കിടക്കുന്ന തന്റെ ചിത്രം രാജ്കുമാർ സൃഷ്ടിച്ചെടുത്തു. ചിത ഒരുക്കി അതിൽ ആടിന്റെ തലയില്ലാത്ത മൃതദേഹം വച്ചശേഷം ഇതിന്റെ ചിത്രമെടുക്കുകയും തുടർന്ന് ആടിന്റെ ദേഹത്തിനു പകരം എഐ ഉപയോഗിച്ച് സ്വന്തം ചിത്രം ചേർക്കുകയും ചെയ്തത്. മരണാനന്തര ഘോഷയാത്രയുടെയും മറ്റ് ചടങ്ങുകളുടെയും ചിത്രങ്ങളും ഇയാൾ വ്യാദമായി നിർമിച്ചെടുത്തു. തുടർന്ന് ഈ ചിത്രങ്ങൾ ബന്ധുക്കൾ മുഖാന്തിരം മൗ മുൻസിപ്പൽ കൗൺസിലിൽ ഹാജരാക്കി മരണ സർട്ടിഫിക്കറ്റ് സമ്പാദിച്ചശേഷം ഇത് കോടതിയിൽ ഹാജരാക്കി താൻ മരിച്ചെന്നു വരുത്തിത്തീർക്കുകയായിരുന്നു. ഒരു വർഷത്തോളം ഖ്വാജജഹാൻപുർ മേഖലയിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാളെ ഞായറാഴ്ച പൊലീസ് പിടികൂടി. ഇതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്.
Fashion ⏭️




